നരിക്കുനി പുറത്തില്ലത്ത് വയലിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് അപൂർവ ഇനം വരാലിനെ ലഭിച്ചു. പൂർണമായി കടുംമഞ്ഞ നിറമുള്ള മീനിന് കണ്ണുകൾക്കു മാത്രമാണ് കറുപ്പ് നിറം. കേരളത്തിൽ മഞ്ഞ വരാലിനെ(channa leucistics striatas) കാണുന്നത് അത്യപൂർവമാണെന്ന് ഫിഷറീസ് അസി.ഡയറക്ടർ യു.ചിത്ര പറഞ്ഞു. വെവ്വേറെ ഇനം വരാലുകൾ തമ്മിൽ നടക്കുന്ന പ്രജനനത്തിലാണ് ഇത്തരം വരാലുകൾ ഉണ്ടാകുന്നതെന്നും അടുത്ത ഘട്ടത്തിൽ ഇവയുടെ കണ്ണുകൾ ചുവപ്പ് നിറമായി മാറുമെന്നും അവർ പറഞ്ഞു.

അപൂർവമായി മാത്രമാണ് ഇത്തരത്തിൽ പ്രജനനം നടക്കുന്നത്. സാധാരണ വരാലുകൾക്ക് ഇരുണ്ട നിറമാണ്. സ്വാഭാവിക ചുറ്റുപാടിൽ പുതുതായി രൂപപ്പെട്ടു വരുന്ന ഇനങ്ങളെക്കുറിച്ചു ഫിഷറീസ് വകുപ്പ് പഠനം നടത്തി വരുന്നുണ്ട്. പിടികൂടി വീട്ടിൽ സൂക്ഷിച്ച വരാലിനെ കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്.