കണക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ടു പെയ്യുന്ന മഴയും  കടൽക്ഷോഭവുമൊന്നും ഒരു പ്രശ്നമല്ല. വൈപ്പിൻ തീരത്തു പ്രകൃതി വർഷം തോറും ഒരുക്കുന്ന  പുഷ്പോത്സവത്തിന്  ഇക്കുറിയും  മാറ്റമില്ല.  മണൽപ്പരപ്പിൽ  പടർന്നു വളരുന്ന  കടൽക്കുറുഞ്ഞിച്ചെടികളിൽ നിന്നു  വയലറ്റ് പൂക്കൾ  തലനീട്ടിത്തുടങ്ങി. വർഷങ്ങളായുള്ള പതിവുകാഴ്ചയാണെങ്കിലും  സന്ദർശകർക്കു  മാത്രമല്ല  നാട്ടുകാർക്കും ഒന്നുകൂടി തിരിഞ്ഞുനോക്കാതെ  കടന്നുപോകാൻ  കഴിയാത്ത ദൃശ്യഭംഗിയാണിവ തീരത്തിനു  സമ്മാനിക്കുന്നത്.

പണ്ടു മുതൽ ഈ ചെടി  വൈപ്പിനിലെ തീരപ്രദേശങ്ങളിൽ ദൃശ്യമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പത്രത്താളുകളിൽ സ്ഥാനംപിടിച്ചു തുടങ്ങിയതോടെയാണ് ആരാധകർ ഏറിയത്. സാധാരണ ചെടികളൊന്നും പെട്ടെന്നു വേരു പിടിക്കാത്ത   മണലിൽ നന്നായി  പടർന്നു വളരുന്ന  ചെടി പലർക്കും അത്ഭുതമാണ്. ഉപ്പ് വലിയ പ്രശ്നമല്ലാത്ത ‘സാൾട്ട് റസിസ്റ്റന്റ് ’  വിഭാഗത്തിലാണ് ഇവയെ സസ്യശാസ്ത്രജ്ഞന്മാർ  പെടുത്തിയിരിക്കുന്നത്.  കന്നുകാലികൾക്ക്  ഇവയുടെ ഇലയും  തണ്ടും പ്രിയമാണെങ്കിലും പൊരിവെയിലിൽ തിളയ്ക്കുന്ന കടപ്പുറത്ത് അവയുടെ സാന്നിധ്യം  കുറവായിരിക്കുമെന്നതിനാൽ  ചെടി പെട്ടെന്നു തന്നെ  വളർന്നു പടരും. 

ബീച്ച് റോഡിന്റെ വശങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന മണലിൽ വേരോട്ടം   കൂടുമെന്നതിനാൽ  അത്തരം സ്ഥലങ്ങളിൽ ഇപ്പോൾ വയലറ്റ് നിറത്തിലുള്ള പൂക്കൾ നിറഞ്ഞിരിക്കുകയാണ്. ഇക്കുറി വിവാഹ ഫോട്ടോഷൂട്ടുകൾക്കും  ഇവിടം  പശ്ചാത്തലമാകുന്നുണ്ട്.  ബീച്ചിൽ ചിത്രീകരണം നടക്കാനിരിക്കുന്ന ഒരു സിനിമയുടെ  ഗാനരംഗത്തിലും  ഈ പൂക്കൾ  സ്ഥാനം പിടിച്ചേക്കും.  കടൽത്തീരത്തോടു ചേർന്നുള്ള തീരദേശ റോഡ് വഴി യാത്രചെയ്യുന്നവർക്കാണ് അടമ്പ് എന്നും അറിയപ്പെടുന്ന ഈ പൂക്കളുടെ ഭംഗി നുകരാൻ കഴിയുക.

English Summary: ‘Kadal kurinji’ blooms at Vypin coastal area