മാവിൻ തോപ്പിലും കർഷകർക്കു തിരിച്ചടി. മുതലമടയിൽ മാവുകൾ കാലം തെറ്റി പൂക്കാൻ തുടങ്ങിയതോടെ വരുമാന മാർഗങ്ങൾ മുടങ്ങി. സാധാരണ ഡിസംബറിൽ പച്ചമാങ്ങ കയറ്റി അയയ്ക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ മാവ് പൂവിട്ടു തുടങ്ങിയിട്ടേ ഉള്ളൂ. തുടർച്ചയായി പെയ്ത മഴയിൽ മണ്ണിന്റെ ഇൗർപ്പം മാറാത്തതിനാൽ മാവുകൾ ഇപ്പോഴും തളിർക്കുകയാണ്. മുൻ കാലങ്ങളിൽ ഒക്ടോബർ അവസാനം മുതൽ പൂവിടുകയും ഡിസംബർ, ജനുവരി മാസങ്ങളിൽ കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഇൻഡോർ എന്നിവിടങ്ങളിലേക്കു പച്ചമാങ്ങ കയറ്റി അയയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. 

ഇത്തവണ മാവുകൾ ഇപ്പോൾ പൂവിട്ടു തുടങ്ങിയിട്ടേ ഉള്ളൂ. മാമ്പൂ 100-120 ദിവസംകൊണ്ടാണു മൂപ്പെത്തി മാങ്ങയാവുക. നിലവിലെ അവസ്ഥയിൽ മാങ്ങയായി മാറാൻ മാർച്ച് അവസാനമാകും. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ പൂവിട്ടിരുന്നെങ്കിൽ ജനുവരി അവസാനത്തോടെയും ഫെബ്രുവരി ആദ്യത്തോടെയും മാങ്ങ വിളവെടുക്കാൻ കഴിയുമായിരുന്നു. ഇങ്ങനെ രാജ്യത്ത് ആദ്യം വിളവെടുക്കുന്ന മാങ്ങയ്ക്കും മാമ്പഴത്തിനും ഉത്തരേന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച വിലയാണു മാംഗോസിറ്റിയിലെ മാമ്പഴ വിപണിയുടെ പ്രധാന ആകർഷണം. 

എന്നാൽ ഇത്തവണ മാമ്പഴമാകാൻ വൈകുന്നതു നല്ല വില ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. മുതലമടയിലും സമീപ പഞ്ചായത്തുകളിലുമായി 5,000 ഹെക്ടറിലധികം സ്ഥലത്തു മാവ് കൃഷിയുണ്ട്. ഇതിൽ അൽഫോൺസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസ്, ദോത്താപുരി (കിളിമൂക്ക്), മൂവാണ്ടൻ, മൽഗോവ, ശർക്കരക്കുട്ടി, പ്രിയൂർ, നീലം, ഗുധാദത്ത്, മല്ലിക എന്നിവയുൾപ്പെടെ വിവിധയിനം ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മാങ്ങയാണ് ഉത്തരേന്ത്യൻ വിപണികളിലേക്കു കയറ്റി അയയ്ക്കുക. 

പാലക്കാടൻ ചുരത്തിലെ പ്രത്യേക കാലാവസ്ഥയും ആദ്യം വിളവെടുക്കുന്നുവെന്നതും മാങ്ങയ്ക്കു സ്വാദും വിലയും നേടിത്തന്നിരുന്നു. എന്നാൽ ഇത്തവണ എല്ലാം താളംതെറ്റി. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം കീടബാധയ്ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം ഇലപ്പേൻ വ്യാപിച്ചതിനെ തുടർന്നു പ്രതിസന്ധിയിലായ കർഷകർക്ക് ഇൗ വർഷം മാവുകൾ കാലം തെറ്റി പൂത്തതു കടുത്ത തിരിച്ചടി ഉണ്ടാക്കും.