ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ജൈവമേഖലകളില്‍ ഒന്നാകും ആര്‍ട്ടിക്കനോടു ചേര്‍ന്നു കിടക്കുന്ന ഭൂഖണ്ഡങ്ങളുടെ വടക്കന്‍ മേഖലകളിലെ പെര്‍മാഫ്രോസ്റ്റുകള്‍. റഷ്യയും യൂറോപ്പും ഗ്രീന്‍ലന്‍ഡും അമേരിക്കയും ഉള്‍പ്പടെയുള്ള മേഖലകളില്‍ പെര്‍മാഫ്രോസ്റ്റ് കാണാനാകും. മണ്ണിനടിയില്‍ വെള്ളം മഞ്ഞുകട്ടകളായി സ്ഥിതി ചെയ്യുകയും ഇതുമൂലം ഈ മേഖലയിലെ ഭൂഭാഗത്തിന് ഉറപ്പ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മേഖലയെ പെര്‍മാഫ്രോസ്റ്റ് എന്നു വിളിച്ചത്. പ്രദേശത്തിന്‍റെ പഴക്കം കണക്കിലെടുത്ത് പ്രാചീന പെര്‍മാഫ്രോസ്റ്റ് എന്നൊരു പേരു കൂടി ഈ ഭൂവിഭാഗത്തിനുണ്ട്.

പെര്‍മാഫ്രോസ്റ്റുകൾ  ജൈവവൈവിധ്യത്തിന് അത്ര പേരു കേട്ടവയായിരുന്നില്ല ഇതുവരെ. പക്ഷേ പെര്‍മാഫ്രോസ്റ്റിനടിയില്‍ നടത്തിയ ചില പഠനങ്ങള്‍ ഈ ധാരണ തിരുത്തിക്കുറിക്കുകയാണ്. പെര്‍മാഫ്രേസ്റ്റിനടിയില്‍ മരവിച്ചു കിടക്കുന്ന സമുദ്രജലപാളിക്ക് താഴെയായി ദ്രാവക രൂപത്തിലും സമുദ്രജലമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചുരുങ്ങിയത് 10 ലക്ഷം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു കരുതുന്ന ഈ സമുദ്രജലത്തില്‍ സൂക്ഷ്മ ജീവികളും അവയിലുള്ള വൈറസുകളും സ്വന്തം ജൈവവ്യവസ്ഥ തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

ചൊവ്വയിലോ ഉപഗ്രഹമായ ടൈറ്റാനിലോ ഒക്കെ ഉണ്ടെന്നു കരുതുന്ന കാലാവസ്ഥയാണ് ഈ ഒറ്റപ്പെട്ട ജൈവവ്യവസ്ഥയിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഭൂമിയില്‍ ഒരിടത്തും കാണപ്പെടാത്ത ജൈവവ്യവസ്ഥയാണ് ഈ സൂക്ഷ്മജീവികള്‍ക്കിടയില്‍ ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. തണുത്ത ഉപ്പു രസമുള്ള പഴക്കം ചെന്ന സമുദ്രജലത്തിന്‍റെ സാന്നിധ്യവും ഈ സവിശേഷ ജൈവവ്യവസ്ഥ രൂപപ്പെടുന്നതില്‍ നിർണായകമായി.

ജീവന്‍ നിലനില്‍ക്കാന്‍ അതികഠിനമായ സാഹചര്യമാണ് ഈ മേഖലയിലുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോഡി ഡെമിങ് പറയുന്നു. പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനില മാത്രമല്ല ഇവിടുത്തെ സാഹചര്യം കഠിനമാക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന അളവിലുള്ള ഉപ്പിന്‍റെ സാന്നിധ്യമാണ് തനതായ ജീവികളല്ലാത്തവയുടെ അതിജീവനം ഇവിടെ കഠിനമാക്കുന്നത്. അതേസമയം ഈ മേഖലയിലുള്ള ക്ര്യോപെഗ് ഉള്‍പ്പെടെയുള്ള പുരാതന ജീവികള്‍ ഈ മേഖലയില്‍ അതീവ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

രണ്ട് ക്ര്യോപെഗ് സാമ്രാജ്യങ്ങള്‍

നിലവില്‍ ക്ര്യോപെഗ് ഉള്‍പ്പടുന്ന ഈ സൂക്ഷ്മ ജീവികളുടെ വലിയ സാമ്രാജ്യം രണ്ടിടത്താണ് കണ്ടെത്തിയിരിക്കുന്നത്. സൈബീരിയയുടെ കിഴക്കന്‍ തീരത്തും അലാസ്കയുടെ വടക്കന്‍ തീരത്തുമാണ് ഈ സൂക്ഷ്മജീവികളെ ഏറ്റവുമധികം കാണാനാകുക. ഈ മേഖലകളില്‍ പെര്‍മാഫ്രോസ്റ്റിനു കീഴിലുള്ള ജൈവവ്യവസ്ഥ അദ്ഭുപ്പെടുത്തുന്നതായിരുന്നു എന്ന് പഠനത്തില്‍ പങ്കെടുത്ത സമുദ്രഗവേഷകയായ സക്കറി കൂപ്പര്‍ വിശദീകരിക്കുന്നു. അലാസ്കയിലായിരുന്നു സക്കറി കൂപ്പര്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ പഠന കേന്ദ്രം. 

ഒരാള്‍ക്ക് കഷ്ടിച്ചു മാത്രം കടക്കാന്‍കഴിയുന്ന വലുപ്പത്തില്‍ 12 മീറ്റര്‍ ആഴത്തില്‍ തുരങ്കം സൃഷ്ടിച്ചായിരുന്നു ഈ മേഖലയില്‍ പഠനം നടത്തിയത്. ഈ തുരങ്കത്തില്‍ നിന്നാണ് സൂക്ഷ്മ ജീവികളുടെ സാംപിളുകള്‍ ശേഖരിച്ചതും പഠനം നടത്തിയതും. ഐസ് ടണലിലൂടെ ഇറങ്ങുന്ന പ്രതീതിയായിരുന്നു ഈ പഠനാനുഭവത്തില്‍ ഉണ്ടായതെന്ന് സാംപിളുകള്‍ ശേഖരിച്ച ഗവേഷകര്‍ പറയുന്നു. മനുഷ്യര്‍ക്ക് കൃത്രിമ ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനുട്ടില്‍ കൂടുതല്‍ ഈ മേഖലയില്‍ ചിലവഴിക്കാന്‍ സാധിക്കില്ല. അത്തരം ഒരു പ്രദേശത്താണ് പത്ത് ലക്ഷത്തിലേറെ വര്‍ഷമായി ഈ ചെറുജീവികള്‍ സ്വന്തം ജൈവവ്യവസ്ഥ നിലനിര്‍ത്തിയിരിക്കുന്നതെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു.