ശൈത്യകാലത്ത് പതിവില്ലാത്ത വിധമെത്തിയ മഴയാണ് കഴിഞ്ഞ ദിവസം ദുബായില്‍ അനുഭവപ്പെട്ടത്. ഈ മഴയാണ് അസാധാരണമായ ഒരു കാഴ്ചയ്ക്കു വഴിയൊരുക്കിയതും. ശക്തമായ മഴ ദിവസങ്ങളോളം തുടര്‍ന്നപ്പോള്‍ ഈ മഴയുടെ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ഉണര്‍ന്നിരുന്ന ഒരു ഫൊട്ടോഗ്രാഫറാണ് ഈ കാഴ്ച പകര്‍ത്തിയതും ലോകത്തിനു പങ്കുവച്ചതും. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലേക്ക് ഒരു മിന്നല്‍ പിണര്‍ പതിക്കുന്ന കാഴ്ചയാണ് ഈ ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

സൊഹൈബ് അന്‍ജും എന്ന ഈ ഫൊട്ടോഗ്രാഫര്‍ ഇത്തരം ഒരു ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. കൃത്യമായി പറഞ്ഞാല്‍ ഏഴ് വര്‍ഷം. ഇതിനിടയില്‍ പല തവണ മിന്നല്‍ പിണരുകള്‍ ബുര്‍ജ് ഖലീഫയെ തൊട്ടു മടങ്ങിയെങ്കിലും ആഗ്രഹിച്ച പോലൊരു ചിത്രം സൊഹൈബിന് ലഭിച്ചില്ല. ഒടുവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെയ്ത മഴയ്ക്കൊപ്പമെത്തിയ മിന്നല്‍ സൊഹൈബിന്‍റെ ആഗ്രഹം സഫലീകരിക്കാന്‍ സഹായിച്ചത്. ഭൂമിയും ആകാശവും കൈകോര്‍ത്ത നിമിഷമെന്നാണ് ഈ ചിത്രത്തെ സൊഹൈബ് വിശേഷിപ്പിക്കുന്നത്.

2720 അടി ഉയരമാണ് ബുര്‍ജ് ഖലീഫയ്ക്കുള്ളത്. ഈ കെട്ടിടത്തിന്‍റെ ഒത്ത മുകളിലായി കൂര്‍ത്തു നില്‍ക്കുന്ന ഭാഗത്തു തന്നെയാണ് വരച്ചു ചേര്‍ത്തതു പോലെ മിന്നല്‍ പതിച്ചതും. ഒറ്റ നോട്ടത്തില്‍ സൊഹൈബിന്‍റെ ചിത്രം ഏതോ സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗമാണെന്നു തോന്നിയാലും അദ്ഭുതപ്പെടേണ്ട. ദൈവം തനിക്കായി ഒരുക്കിയ നിമിഷമാണിതെന്നും സൊഹൈബ് വ്യക്തമാക്കി. 

മിന്നല്‍ പതിക്കുന്നതിന്‍റെ ചിത്രം മാത്രമല്ല, വിഡിയോയും സൊഹൈബ് റെക്കോഡ് ചെയ്തിട്ടുണ്ട്. സൊഹൈബ് മാത്രമല്ല ഈ അത്യപൂര്‍വ നിമിഷം ക്യാമറയില്‍ പകര്‍ത്തിയ വ്യക്തി. ദുബായ് രാജകുടുംബാഗമായ ഷെയ്ക്ക് ഹംദാനും ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നതില്‍ വിജയിച്ചിരുന്നു. ഷെയ്ക്ക് ഹംദാനും ഇടിമിന്നലിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

1996 ന് ശേഷം ദുബായില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതും തീര്‍ത്തും അപ്രതീക്ഷിതമായ സമയത്താണ് കനത്ത മഴ ലഭിച്ചതെന്നതും കൗതുകകരമായ കാര്യമാണ്. സാധാരണ ഗതിയില്‍ ശൈത്യാകാലത്ത് ഡിസംബറിലാണ് നേരിയ തോതില്‍ ദുബായില്‍ മഴ ലഭിക്കാറുള്ളത്. 

English Summary: Lightning Strikes The World's Tallest Building