പെരുമ്പാവൂർ‌ വാച്ചാൽ പാടശേഖരം ദേശാടനപക്ഷികളുടെ കേന്ദ്രമാകുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു പക്ഷികളാണ് ഇവിടെ വിരുന്നെത്തിയത്. ഇപ്പോൾ സ്വദേശങ്ങളിലേക്കു തിരിച്ചു പോകുന്ന സമയമാണ്. വടക്കൻ യൂറോപ്പിൽ നിന്നു റഷ്യയിലെ സൈബീരിയയിലേക്കു ചേക്കേറിയ വരി എരണ്ട എന്ന പക്ഷികളാണ് ഇപ്പോൾ പാടത്തുള്ളത്. 

ഒക്ടോബർ മുതൽ‌ മാർച്ച് വരെയുള്ള മാസങ്ങളിൽ കേരളത്തിലെ തരിശുനിലങ്ങളിൽ സാധാരണയായി കണ്ടു വരുന്ന നീലച്ചിറകുള്ള ഒരിനമാണിതെന്ന് പക്ഷി നിരീക്ഷകനായ ഡോ.സുഗതൻ പറഞ്ഞു. കൃഷിയില്ലാത്ത പാടങ്ങളിൽ ഇവ തമ്പടിക്കാനുള്ള കാരണം പുല്ലുകളും അവയ്ക്കിടയിലെ പ്രാണികളും തവളകളുമാണ്. പെരുമ്പാവൂർ–ഐമുറി റോഡരികിലാണ് തരിശുനിലം. മനുഷ്യരുടെ സാന്നിധ്യം ഇവിടെ കുറവായതും പക്ഷികളെ ആകർഷിക്കാൻ കാരണമാണെന്ന് ഡോ.സുഗതൻ പറഞ്ഞു. യൂറോപ്പിൽ നിന്നാണ് കൂടുതൽ പക്ഷികളും ഇവിടെയെത്തുന്നത്.

English Summary: Migratory birds in Perumbavoor