ഓണക്കാലമായതോടെ കണ്ണൂര്‍ മാടായിപ്പാറയില്‍ കാക്കപ്പൂ വസന്തമാണ്. ഏക്കറു കണക്കിന് സ്ഥലത്താണ് കാക്കപ്പൂവ് വിരിഞ്ഞു നില്‍ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ സന്ദര്‍ശകര്‍ കുറവാണ്.

മഴ തുടങ്ങിയാല്‍ മാടായിപ്പാറ പച്ച പുതക്കും. ജുലൈ അവസാനത്തോടെ കാക്ക പൂക്കള്‍ വിരിഞ്ഞ് തുടങ്ങും. പിന്നീട് ഒരു മാസത്തോളം മാടായിപ്പാറയില്‍ നീല പൂക്കള്‍ വിരിഞ്ഞ് നിറഞ്ഞങ്ങനെ നില്‍ക്കും. യൂട്ടിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്‍ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പൂക്കള്‍ കുറവാണ്. കാലാവസ്ഥ വ്യതിയാനമാണ് കാരണം.

വേനല്‍ കാലത്ത് കാരി പുല്ലുകള്‍ നിറയും, അതു കഴിഞ്ഞാല്‍ കറുത്ത പാറക്കൂട്ടമാകും. മഴക്കാലത്ത് വീണ്ടും തളിരിടും. പിന്നെ കാക്കപ്പൂവ് നിറയും. സെപ്റ്റംബറോടെ വെള്ള നിറത്തില്‍ ചൂദ് പൂവ് മാത്രമായിരിക്കും ഇവിടെ. അപൂര്‍വമായി മാത്രം കാണുന്ന കൃഷ്ണ പൂവും മാടായിപ്പാറയുടെ സൗന്ദര്യമാണ്. ഇരപിടിയന്‍ സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.

English Summary: Madayipara: A bloom for every season