കൗതുകം നിറച്ച് കാട്ടിൽ ചുവന്നു തുടുത്ത മൂട്ടിപ്പഴങ്ങൾ!

screengrab/ youtube

കണ്ണിനു കൗതുക കാഴ്ചയായി മൂട്ടിപ്പഴം. കണ്ണൂർ ചെറുപുഴ ജോസ്ഗിരിയിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള കാട്ടിനുള്ളിലാണ് നയന മനോഹര കാഴ്ചയായി മൂട്ടിപ്പഴം പഴുത്തു പാകമായി നിൽക്കുന്നത്. മൂട്ടിപ്പഴം, മൂട്ടിപ്പുളി, മൂട്ടിക്കായ്പൻ, കുറുക്കൻതൂറി, കുന്തപ്പഴം, മൂട്ടിത്തൂറി തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണു മൂട്ടിപ്പഴമരത്തെ സാധാരണ കാണപ്പെടുന്നത്. ബക്കൗറിയ കോറിട്ടിലെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ സസ്യത്തെ അറിയപ്പെടുന്നത്. 

പഴയ കാലങ്ങളിൽ ആദിവാസി വിഭാഗത്തിൽപെട്ടവരും നായാട്ടിനു കാട്ടിൽ കയറുന്നവരുമാണ് ഈ പഴം ഉപയോഗിച്ചുവന്നിരുന്നത്. അടുത്ത കാലത്താണ് ജോസ്ഗിരിയിലെ ചിലർ മൂട്ടിപ്പഴത്തിന്റെ ഗുണം മനസ്സിലാക്കിയത്. മരത്തിന്റെ തടിയിലാണ് പൂക്കൾ വിരിയുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിലാണ് പൂവിടുന്നത്. ദളങ്ങളില്ലാത്ത പൂക്കൾക്കു ചുവപ്പു നിറമാണ്. പഴുക്കുമ്പോൾ പഴത്തിന്റെ നിറം കടുംചുവപ്പാകും. മറ്റുള്ള വൃക്ഷങ്ങളെ പോലെ ഇതിന്റെ ശിഖരങ്ങളിൽ അധികം പഴം ഉണ്ടാകാറില്ല.

screengrab/ youtube

പകരം വൃക്ഷത്തിന്റെ തായ്ത്തടിയുടെ മൂട്ടിൽ നിന്നും മുകളിലേക്ക് പഴങ്ങൾ തൂങ്ങി കിടക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് ഈ വൃക്ഷത്തിനു മൂട്ടിപ്പഴമെന്ന പേരുവന്നത്. പുളിപ്പും മധുരവുമുള്ളതുമാണ് ഈ ഫലം. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ഇഷ്ടഭക്ഷണം കൂടിയാണിത്. റംബൂട്ടാന്റെ ഫലവുമായി ഇതിന് ഏറെ സാമ്യമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുന്നത്. ഇതിന്റെ തോടു കൊണ്ട് അച്ചാർ ഉണ്ടാക്കാനും സാധിക്കും. ഉദരരോഗത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്നു പറയപ്പെടുന്നു.

ജോസ്ഗിരി കാടിനുള്ളി‌ൽ കണ്ടെത്തിയ മൂട്ടിപ്പഴം.