പ്രളയം വഴിമാറി; വരൾച്ച പിടിമുറുക്കി, നെയ്യാർ നീർച്ചാലായി

ഒരു മാസം മുൻപ് ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളെ പ്രളയജലത്തിൽ മുക്കി അനവധി കുടുംബങ്ങളെ ഭവനരഹിതരാക്കി, കാർഷികവിളകളെ ചുവടോടെ പിഴുതെറിഞ്ഞു രൗദ്രഭാവം പൂണ്ടൊഴുകിയ നെയ്യാർ ചുരുങ്ങി ദിവസങ്ങൾക്കുള്ളിൽ നീർച്ചാലായി മാറി. നദിയുടെ ഇരട്ടമുഖമാണ് തീരത്തുള്ളവർ കാണുന്നത്. പ്രളയം ദുരിതം വിതറി കടന്നുപോയ നദിക്കര ജലക്ഷാമം അനുഭവിച്ചറിയുന്നു. തീരത്തെ കിണറുകളിൽ പോലും വെള്ളം കമ്മി. നഗര ശുദ്ധജല പദ്ധതി ഉൾപ്പെടെ 12 ഗ്രാമീണ ശുദ്ധജല പദ്ധതികൾക്കു കൂടി കുടിവെള്ളം നൽകേണ്ട നെയ്യാറാണ് ഒരു മാസത്തിനുള്ളിൽ ചെറിയൊരു തോടിന്റെ രൂപത്തിലേക്കു മാറിയിരിക്കുന്നത്.

കന്നി വെയിൽ കടുത്തതോടെ പ്രളയ ദുരിതം ഏവരും മറന്നിരിക്കുന്നു. നെയ്യാറിൽ മാത്രമല്ല താലൂക്കിലെ ചെറുതും, വലുതുമായ തോടുകളിലും വെള്ളം വറ്റി. വരാനിരിക്കുന്ന വരൾച്ചയുടെ മുന്നറിയിപ്പാണോയെന്ന ആശങ്കയിലാണു ജനം. തുലാവർഷത്തിനായി ഇനിയും ഒരു മാസം കാക്കണം. സമയം തെറ്റിയാൽ സ്ഥിതി ഗുരുതരമാകും. കാലാവസ്ഥാ പ്രവചനം ഇനിയും ഉണ്ടായിട്ടില്ല. മഴയെടുത്തുപോയ വിളകൾക്കു പകരം വച്ചു പിടിപ്പിക്കാൻ വെള്ളമില്ല. ഏലാകളും, പാടങ്ങളുടെ ഇരുകരകളിലെ കൈത്തോടുകളും വരണ്ടു. മഴ ശേഷിപ്പിച്ചുപോയ വിളകളും കരിഞ്ഞുതുടങ്ങി. പ്രളയം സൃഷ്ടിച്ച മുറിവുണങ്ങും മുൻപേ വേനലിന്റെ തീക്ഷ്ണതയിൽ ഇവിടുള്ളവർ ചുട്ടുപൊള്ളുന്നു.