പൊഴി നീരൊഴുക്ക് നിലച്ചു; തോട്ടപ്പള്ളി സ്പിൽവേ പൊഴി ഭാഗികമായി അടഞ്ഞു

നീരൊഴുക്കു പൂര്‍ണമായും നിലച്ചതോടെ തോട്ടപ്പള്ളി സ്പില്‍വേ പൊഴി ഭാഗികമായി അടഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും അടഞ്ഞേക്കും. വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ ഓഗസ്റ്റ് 17ന് 40 ഷട്ടറുകള്‍ പൂര്‍ണമായും ഉയര്‍ത്തിയതിനു പിന്നാലെ 200 മീറ്റര്‍ വീതിയില്‍ യന്ത്രസഹായത്താല്‍ മണല്‍‌ നീക്കിയാണു നീരൊഴുക്കു വര്‍‌ധിപ്പിച്ചത്. വെള്ളപ്പൊക്കത്തിനു ശമനം വന്നതോടെ നീരൊഴുക്കു നിലച്ചു.

വേലിയേറ്റ സമയത്തു ഓരുജല ഭീഷണി കണക്കിലെടുത്തു ഷട്ടറുകളെല്ലാം താഴ്ത്തി. എന്നാല്‍ നാലു ഷട്ടറുകളുടെ വിടവിലൂടെ ഓരുജലം ഇപ്പോഴും കനാലിലേക്ക് ഒഴുകുന്നുണ്ട്. 12 ഷട്ടറുകള്‍ക്കു വൈദ്യുതി കണക്‌ഷനും ഇല്ല. പൊഴി അടഞ്ഞ ശേഷം എല്ലാ ഷട്ടറുകളും ഉയര്‍ത്തി തകരാര്‍ പരിഹരിക്കാമെന്നാണു ജലവിഭവ വകുപ്പ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ തീരുമാനം. വെളളപ്പൊക്കത്തിന്റെ കെടുതി കുട്ടനാട്ടിലും സമീപ പ്രദേശത്തും രൂക്ഷമാകാന്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനത്തിലെ അപാകതകളാണു കാരണം.

ഇവിടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാതിരുന്നതും കനാലിന് ആഴം കൂട്ടാതിരുന്നതും പ്രതിസന്ധിയായിരുന്നു. ഇതിലൂടെ കടലിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവു പരിശോധിക്കാനും സംവിധാനമില്ല. ഇതു കൂടാതെ സ്പില്‍വേയില്‍ ഇന്നലെ വൈദ്യുതി വിളക്കുകളും തെളിഞ്ഞില്ല. ബില്‍ കുടിശിക ഉണ്ടെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടില്ലെന്നാണു വൈദ്യുതി ബോര്‍ഡ് അമ്പലപ്പുഴ സെക്‌ഷന്‍ ഓഫിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.