സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. ഇവ ചത്തു തീരത്തടിയുന്നത് ജപ്പാനിൽ ആശങ്ക പടർത്തുന്നു. വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.

ഉൾക്കടയിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. എപ്പോഴെല്ലാം ആഴക്കടലിൽ നിന്നു ഓർ മത്സ്യങ്ങൾ ചത്തു തീരത്തടിഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം ജപ്പാൻ പ്രകൃതി ദുരന്തങ്ങളാൽ വലഞ്ഞിട്ടുമുണ്ട്.

ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

ഫെബ്രുവരി ആദ്യവാരമാണ് പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത്. ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്ന് അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇതുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.

ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത്.

സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2015ൽ കലിഫോർണിയയിലെ സാന്റാ കാറ്റലീന ദ്വീപിൽ ജീവനോടെ ഓർ മത്സ്യം തീരത്തടിഞ്ഞിരുന്നു. 19 മാസങ്ങൾക്കു മുൻപും ഇതേ പ്രദേശത്ത് മറ്റൊരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. പക്ഷേ അവിടങ്ങളിലൊന്നും ഇതിനു പിന്നാലെ പ്രകൃതി ദുരന്തങ്ങളൊന്നും എത്തിയില്ല എന്നതാണ് രസകരമായ കാര്യം.

ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. കാര്യമെന്തായാലും ഭൂകമ്പത്തിനും സുനാമിക്കുമെന്നും സാധ്യതയില്ലെന്നാണ് ഗവേഷകരുടെ നിഗമനം. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ ചത്തു തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.