നാടും നഗരവും പൊള്ളിച്ചു വേനൽ കടുക്കുന്നു. കൊടുംചൂടിൽ  പകലുകൾ വെന്തുരുകുകയാണ്. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്ന  അവസ്ഥയാണിപ്പോൾ. 32 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില. പത്തനംതിട്ടയിൽ ഇന്ന് പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് ആണ്. ഇടുക്കി ജില്ലയിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില  36 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. ഇപ്പോഴത്തെ താപനില തുടർന്നാൽ കടുത്ത വരൾച്ചയാകും മുന്നോട്ട്.

പല പ്രദേശങ്ങളും  ഇതിനോടകം  വരൾച്ചയുടെ പിടിയിലായിട്ടുണ്ട്. സ്വാഭാവിക ജലസ്രോതസ്സുകൾ പലതും വറ്റിവരണ്ടു. പല പ്രദേശങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലായി. കാട്ടുതീയും ജില്ലയിൽ നാശം വിതയ്ക്കുന്നുണ്ട്. കൃഷിമേഖലയും  പ്രതിസന്ധിയിലാണിപ്പോൾ. വെള്ളമില്ലാതെ എങ്ങനെ കൃഷി ചെയ്യുമെന്നത് കർഷകർക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. വേനൽക്കാല രോഗങ്ങളും ജില്ലയിൽ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വേനൽ‍ കടുത്തു തുടങ്ങിയതോടെ പകൽ രാത്രികാല താപനിലയിൽ ഗണ്യമായ വർധന. ഒരാഴ്ചയായി പുനലൂരിൽ പകൽ താപനില 36 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. 15നും 17നും 36.5 ഡിഗ്രി വരെ ഉയർന്നു. ഇതിൽ 15ലെ താപനില സംസ്ഥാനത്തെ ഏറ്റവും ഉയർന്നതായിരുന്നു. ഇന്നലെയും വലിയ കുറവുണ്ടായില്ല, 36.2 ഡിഗ്രി. പുലർകാലത്തെ കുറഞ്ഞ താപനിലയിലും കാര്യമായ വർധനയുണ്ട്. 

കഴിഞ 5ന് പുനലൂരിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസായിരുന്നു. പുലർകാലത്തെ അപേക്ഷിച്ച് രാത്രിയിൽ ചൂടു കൂടുതലായിരിക്കും എന്നതാണു കടുത്ത ഉഷ്ണം അനുഭവപ്പെടാൻ കാരണം. പൊള്ളുന്ന പകലുകളും ഉഷ്ണ രാത്രികളും ചേർന്നതോടെ പകൽ പുറത്തിറങ്ങാനും വയ്യ, രാത്രിയിൽ അകത്തിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് സാധാരണക്കാർ.

ആലപ്പുഴ  ജില്ലയിൽ അനുഭവപ്പെടുന്നത് ശരാശരിയിൽ നിന്ന് 3 ഡിഗ്രി വരെ ഉയർന്ന ചൂടെന്ന് വിദഗ്ധർ. മഴയിലുണ്ടായ കുറവാണ് ഫെബ്രുവരിയിൽ തന്നെ ജില്ലയെ പൊള്ളിച്ചതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ വ്യക്തമാക്കി. കനത്ത ചൂടിൽ വലയുന്ന ടൂറിസ്റ്റുകളും നാട്ടുകാരും പതിവു കാഴ്ചയാണ്. 

ചൂടു കൂടിയതിനൊപ്പം ജലാശയങ്ങളിലെ വെള്ളം കുറയുന്നതും ജില്ലയെ തളർത്തുന്നുണ്ട്. ആലപ്പുഴയിലും കോഴിക്കോടുമാണ് ശരാശരിയിലും ഉയർന്ന ചൂട് അനുഭവപ്പെടുന്നത്. തീരപ്രദേശത്താണ് കൂടുതൽ രൂക്ഷം. അതേസമയം മറ്റു ജില്ലകളുടെ തീരപ്രദേശത്ത് ഇത്ര കനത്ത ചൂട് അനുഭവപ്പെടുന്നില്ല. ഈ ആഴ്ച മഴ പെയ്യുമെന്നും ഇതോടെ ചൂട് ക്രമേണ കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

പാലക്കാട്ടും മലപ്പുറത്തും 34 ഡിഗ്രി സെൽഷ്യസാണ് ഇന്നു രേഖപ്പെടുത്തിയത്. എറണാകുളത്തും തൃശ്ശൂരും 31 ഡിഗ്രി സെൽഷ്യസും വയനാട്ടിൽ 30 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില.

മഴ കിട്ടാക്കനി

മറ്റു ജില്ലകളിലെല്ലാം പുതുവർഷം മഴ ലഭിച്ചപ്പോൾ കിട്ടാത്ത 2 ജില്ലകളാണ് ആലപ്പുഴയും കോഴിക്കോടും. ഏറ്റവും കുറച്ചു മഴ ലഭിച്ചത് ഈ ജില്ലകളിലാണ്. ഇന്നും നാളെയും മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അടുത്ത ആഴ്ചയും മഴ പെയ്യും.

അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവു കുറവാണ്. കടലിൽ നിന്നുള്ള തണുത്ത കാറ്റടിക്കുന്നില്ല എന്നതും ചൂടു കൂടാനുള്ള കാരണമാണ്. മാർച്ച് ആദ്യ വാരത്തോടെ ചൂട് ശരാശരിയിലേക്കു താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രദ്ധിക്കുക

ധാരാളമായി വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ഇടയ്ക്കിടയ്ക്ക് തണലത്ത് പോയി വിശ്രമിക്കണം. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. 

സൂര്യാഘാതം തിരിച്ചറിയാം

നേർത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, ചൂടായ ശരീരം, അമിതമായ വിയര്‍പ്പും ക്ഷീണവും, തല കറക്കം ഇതെ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ പൊള്ളിയത് പോലുള്ള പാടുകളും കാണാം. സൂര്യാഘാതം ചിലപ്പോൾ മരണകാരണമായേക്കാം.

സൂര്യാഘാതം– ഉടൻ ചെയ്യേണ്ടത്

∙സൂര്യാഘാതം ഏറ്റയാളെ ഉടൻ തണലത്തേക്കു മാറ്റുക.

∙കുടിക്കാൻ ശുദ്ധജലം നല്‍കുന്നതിനൊപ്പം ശരീരം തണുത്ത വെള്ളത്തില്‍ കഴുകുക

∙നന്നായി കാറ്റുകൊള്ളാൻ അവസരമൊരുക്കുക

∙വൈദ്യ സഹായം എത്രയും വേഗം നൽകുക