കേരളത്തിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശരാശരിയിൽനിന്ന് 6 ഡിഗ്രി വരെ ചൂട് കൂടാം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണു കൂടുതൽ അപകടസാധ്യതയെന്നു തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലെ പൊതുജനങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, പ്രളയകാലത്തു മാസങ്ങളോളം നിറഞ്ഞുകവിഞ്ഞു വയനാടിനു ദുരിതം വിതച്ച ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ജലസംഭരണ ഭാഗങ്ങളും ഏഴു മാസങ്ങള്‍ക്കു ശേഷം വറ്റിവരണ്ടു. ഡാമിന്റെ സംഭരണ ശേഷിയുടെ 38 ശതമാനം െവള്ളമാണ് ഇപ്പോഴുള്ളത്. വരള്‍ച്ച രൂക്ഷമാകുമെന്നതിന്റെ സൂചന കൂടിയാണിതെന്നാണു വിലയിരുത്തല്‍. വേനല്‍ കടുക്കുന്നതിനു മുമ്പ് തന്നെ വയനാട് ജില്ലയുടെ പലഭാഗങ്ങളും ചുട്ടുപൊള്ളുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് തുടക്കത്തില്‍ ശരാശരി 766 മീറ്ററായിരുന്നു സമുദ്രനിരപ്പില്‍ നിന്നുള്ള ഡാമിലെ വെള്ളത്തിന്റെ അളവ്. ഇത്തവണ നാല് മീറ്ററോളം കുറവാണു രേഖപ്പെടുത്തിയത്. 2017 നേക്കാള്‍ നാലിരട്ടി മഴ കഴിഞ്ഞ വര്‍ഷം വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ചിരുന്നതാണ്. വേനല്‍ കടുക്കുന്നതോടെ വെള്ളത്തിന്റെ അളവ് ഇനിയും കുറയും. ഡാമിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്.

പടിഞ്ഞാറത്തറ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നിശ്ചിത അളവ് വെള്ളം തുറന്നുകൊടുക്കാന്‍ ജില്ലാ ഭരണകൂടം ഡാം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും കനത്ത ചൂടാണ്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഒരാഴ്ചയായി 32 ഡിഗ്രിയാണു ശരാശരി ചൂട്. പകല്‍ സമയം പലപ്പോഴും ജോലി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ്.

കൊടും ചൂടില്‍ പത്തനംതിട്ട ജില്ലയും വലയുകയാണ്. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതിനൊപ്പം ജില്ലയിലെ നദികൾ വരണ്ടു. വേനല്‍ ചൂടില്‍ ഉരുകുകയാണ് നിര്‍മാണ തൊഴിലാളികളും കര്‍ഷകരും. ജില്ലയിലെ കൃഷിയിടങ്ങള്‍ പലതും കരിഞ്ഞുണങ്ങി. കൊടുംവെയിലില്‍ നിര്‍മാണ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. നിറഞ്ഞൊഴുകിയ അച്ചന്‍കോവിലാറും പമ്പയും വേനല്‍ചൂടില്‍ മണല്‍പ്പരപ്പായി.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ:

∙ രോഗങ്ങൾ ഉള്ളവരും ഇല്ലാത്തവരും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കരുത്

∙ നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം

∙ പരമാവധി ശുദ്ധജലം കുടിക്കുക

∙ അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

∙ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം