സൂര്യന്റെ സ്ഥാനം കേരളത്തിനു നേര്‍മുകളിലെത്തിയിരിക്കുന്ന അവസ്ഥയില്‍ ഇന്നും നാളെയും കൂടി സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തു സൂര്യനിലെ അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്സ് 12 യൂണിറ്റ് കടന്ന് അതീവ മാരക അവസ്ഥയിലെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 198 പേര്‍ക്കു പൊള്ളലേറ്റു.

സൂര്യന്റെ ഉഗ്ര താപത്തില്‍ പൊള്ളിപ്പിടയുകയാണ് കേരളം. മഴമേഘങ്ങള്‍ അകന്നു നില്‍ക്കുമ്പോള്‍ ചൂടത്രയും നേരിട്ടു പതിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മിയുടെ തോതായ യുവി ഇന്‍ഡക്സ് 12 യൂണിറ്റ് കടന്നിരിക്കുന്നു. മൂന്നു മുതല്‍ അഞ്ചു വരെയാണ് മിതമായ യുവി തോത്. ഈ തോതിൽ 45 മിനിറ്റിലേറെ വെയിലത്തുനിന്നാൽ പൊള്ളേൽക്കാം. 6–7 എന്നത് കൂടിയ തോതാണ്. ഈ തോതിലുള്ള വെയിൽ 30 മിനിറ്റ് ഏറ്റാൽ സൂര്യാതപ സാധ്യതയുണ്ട്. എട്ട് മുതല്‍ 10 വരെ യുവി തോത് ആയാല്‍ 15–20 മിനിറ്റ് വരെ വെയിലത്തു നിന്നാല്‍ പോലും സൂര്യാതപമേൽക്കും. യുവി തോത് 11ന് മുകളിലായാല്‍ അത്യന്തം അപകടകരമാണ്. 10 മിനിറ്റ് വെയിലേറ്റാൽ പൊള്ളലേൽക്കുന്ന അവസ്ഥയാണ്.

വീടിനുള്ളില്‍ ഇരിക്കുന്നവര്‍ പോലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാം. പ്രളയത്തിലൂടെ ജൈവാംശമുള്ള മേല്‍മണ്ണ് ഒഴുകിപ്പോയതും ഈര്‍പ്പത്തിന്റെ തോതുകുറയാന്‍ കാരണമായിട്ടുണ്ട്. എസിയുെട ഉപയോഗം വീടുകളിലും ഒാഫിസുകളിലും വാഹനങ്ങളിലും കൂടിയതും അന്തരീക്ഷ താപനില കൂടാന്‍ കാരണമായി. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദ്ദ സാധ്യതകള്‍ ഇല്ലാത്തതിനാല്‍ വേനല്‍മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ ആഴ്ചയവസാനത്തോടെ മഴയെത്തിക്കുമെന്നാണ് കാലാലസ്ഥാ വിദഗ്ധരുടെ നിഗമനം.