പത്തനംതിട്ട  ജില്ലയുടെ പല ഭാഗങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നതായി സ്വകാര്യ കാലാവസ്‌ഥാ നിരീക്ഷണ ഏജൻസികൾ. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികളുടെ തോത് (യുവി ഇൻഡക്‌സ്) 12 യൂണിറ്റ് കടന്നതായും ഈ ഏജൻസികൾ പറയുന്നു. വാരാന്ത്യത്തോടെ ചിലയിടങ്ങളിൽ വേനൽമഴയെത്തുമെന്നും പ്രവചനമുണ്ട്.

പുറത്തിറങ്ങിയാൽ ദേഹം പൊള്ളുന്ന സ്‌ഥിതിയാണ് കേരളത്തിൽ. സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ മുകളിൽ എത്തിയതാണ് പ്രധാന കാരണമെങ്കിലും മഴമേഘങ്ങൾ അകന്ന് തെളിഞ്ഞ ആകാശത്തുകൂടി സൂര്യതാപം നേരിട്ടു പതിക്കുന്നതും ചൂടുകൂടാൻ കാരണമായി.

മനുഷ്യനിർമിത കാരണങ്ങളും ചൂടു കൂടാനുള്ള കാരണങ്ങളിൽ ഇവയും

∙ പ്രളയത്തിനു ശേഷം ജൈവാംശമുള്ള മേൽമണ്ണ് ഒഴുകി നഷ്‌ടമായതും ഈർപ്പം കുറയുന്നതും

∙ പാറഖനനം,  നിർമാണ  പ്രവർത്തന ഫലമായുള്ള പൊടിയും പ്ലാസ്‌റ്റിക്  മാലിന്യവും 

∙ വാർക്കവീടുകളും ടാർ റോഡുകളും വാഹനങ്ങളും വർധിച്ചത്

∙ വാഹനങ്ങളുടെ എസിയും കെട്ടിടങ്ങളുടെ ഗ്ലാസ് പാളികളും

∙ നഗരവൽക്കരണഫലമായി ചെറു സസ്യങ്ങളും വഴിയോര കാടുകളും നശിപ്പിക്കപ്പെട്ടത്

∙ തഴക്കൈതയും കണ്ടലും ഉൾപ്പെട്ട തോടുകളുടെ ജൈവവ്യവസ്‌ഥയ്‌ക്കേറ്റ തിരിച്ചടി

മാതൃകയായി മിയാവാക്കി വനം

രാജ്യത്തെ തന്നെ ഏറ്റവും മികച്ച ശുദ്ധവായുവുള്ള പ്രദേശമായിട്ടും വിസ്‌തൃതിയുടെ 50 ശതമാനത്തിലേറെ വനമുണ്ടായിട്ടും പത്തനംതിട്ട ചുട്ടുപൊള്ളുന്നത് പഠനവിധേയമാകേണ്ടതാണെങ്കിലും ഇവിടെ താപനില അളക്കാൻ സംവിധാനമില്ല. നഗരമധ്യത്തിൽ രണ്ടോ മൂന്നോ സെന്റ് സ്‌ഥലത്ത് ചെറിയ സസ്യങ്ങളും മരങ്ങളും മറ്റും നടത്തുവളർത്തുന്ന മിയാവാക്കി മാതൃകയിലുള്ള കുട്ടിവനങ്ങൾ ചൂടിനെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ജപ്പാനിലെ മിയാവാക്കി മാതൃകയിലുള്ള ഇത്തരം ചെറുവനങ്ങൾ തിരുവനന്തപുരത്ത് കനകക്കുന്നിൽ ടൂറിസം വകുപ്പ് നട്ടുവളർത്തുന്നു.

മഴ വൈകില്ല

ചൂട് ആന്ധ്രയിലേക്കു കടക്കുന്നതോടെ ഈ വാരാന്ത്യം മുതൽ ഏപ്രിൽ ആദ്യവാരം വരെ സംസ്‌ഥാനത്തിന്റെ പലഭാഗത്തും മഴയെത്തുമെന്നാണ് കാലാവസ്‌ഥാ ഗവേഷകർ നൽകുന്ന സൂചന. നിലവിൽ ബംഗാൾ ഉൾക്കടൽ മഴമേഘങ്ങളെ അകറ്റുന്ന എതിർചുഴലികളുടെ പിടിയിലാണ്. ഇവിടെ കാര്യമായ ന്യൂനമർദങ്ങൾ രൂപമെടുക്കാൻ തൽക്കാലം സാധ്യതയില്ല. അതിന് മേയ് വരെ കാത്തിരിക്കണം. എന്നാൽ കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങൾ തെക്കൻ കേരളത്തിൽ മഴ എത്തിക്കുമെന്നാണ് പ്രതീക്ഷ. അറബിക്കടലിൽ നിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കൻ കാറ്റും അകന്നു നിൽക്കുകയാണ്.

പക്ഷികൾക്കും മൃഗങ്ങൾക്കും ദുരിതകാലം

കൊടുംചൂട് പക്ഷിമൃഗാദികളേയും ബാധിക്കും. ഇവയ്ക്കു ശരീരം തണുപ്പിക്കുന്നതിനുള്ള സ്വാഭാവിക മാർഗങ്ങൾ വളരെ കുറവാണ്. പക്ഷികൾ പരമാവധി ചൂടിൽ നിന്നു പറന്നകലാൻ ശ്രമിക്കും. വെള്ളം ലഭിക്കാതെ വന്നാൽ ഇവ വീണു ചാവും. പക്ഷികൾക്കായി വീടിന്റെ ടെറസുകളിൽ വെള്ളം കരുതാൻ പറയുന്നതിന്റെ കാരണമിതാണ്. വളർത്തു മൃഗങ്ങള കെട്ടിയിടുമ്പോൾ അവ വെയിലു കൊള്ളാത്ത വിധം നിൽക്കുന്നുവെന്ന് ഉറപ്പാക്കണം. ഇടയ്ക്ക് ഇവയെ തണുപ്പിച്ചു കൊടുക്കുകയും വേണം. പശുവിനെ പാടവരമ്പിലും മറ്റും കെട്ടിയിട്ട് പോകാതിരിക്കുക. തൊഴുത്തിൽത്തന്നെയാണെങ്കിലും തണുപ്പുണ്ടെന്ന് ഉറപ്പാക്കുക. ഒറ്റയടിക്കു വെള്ളം കോരി ഒഴിക്കരുത്. ഘട്ടംഘട്ടമായി വേണം തണുപ്പിക്കാൻ. പകൽ സമയത്തു ദഹിക്കാൻ സമയമെടുക്കുന്ന വൈക്കോൽ പോലുള്ളവ നൽകരുത്. ഇതു രാത്രിയിൽ നൽകുക.

തെറ്റായ 3 ചിന്തകൾ

വിയർക്കുന്നില്ല, അതുകൊണ്ട് ചൂട് പ്രശ്നമല്ല

ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനുള്ള മാർഗമാണു വിയർപ്പ്. എന്നാൽ താപനില വർധിച്ചു ശരീരത്തിന്റെ താളം നഷ്ടപ്പെട്ടാൽ പിന്നെ വിയർക്കില്ല. സാധാരണ പോലെയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം വരും. ഇതു ഗുരുതരമാണ്. 

നേരിട്ടു വെയില് കൊണ്ടില്ലെങ്കിൽ പ്രശ്നമില്ല

നേരിട്ടു വെയിലു കൊണ്ടില്ലെങ്കിലും വെയിലിന്റെ കാഠിന്യം അതേ അളവിൽ അനുഭവപ്പെടുന്നതും ഗുരുതരമാണ്. വെന്റിലേഷൻ ഇല്ലാതെ അടച്ചിട്ട മുറിയിൽ ചൂടുസമയത്തു കഴിയുക, എസി ഇല്ലാത്ത വാഹനങ്ങളിൽ തിങ്ങി നിറഞ്ഞു യാത്ര ചെയ്യേണ്ടി വരിക, ഇങ്ങനെ ശരീരോഷ്മാവ് വർധിക്കാൻ കാരണമായ സ്ഥലങ്ങൾ പ്രശ്നക്കാരാകും. ശരീരത്തിനു തളർച്ച തോന്നുന്നെങ്കിൽ ഉടൻ തന്നെ ഇവിടെ നിന്നു മാറുക. ശരീരം തണുപ്പിക്കുക.

ദാഹമില്ലെങ്കിൽ വെള്ളം കുടിക്കേണ്ട

ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇടവേളകളിൽ വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യുന്നത് നിർജലീകരണത്തിലേക്കു നയിക്കുന്നത് ഇല്ലാതാക്കും. കയ്യിൽ വെള്ളം കൊണ്ടു നടക്കുന്നതും നല്ലതാണ്.

മണ്ണിന്റെ ഗുണമേന്മ ചോർത്തും

വെള്ളം വറ്റിക്കുന്ന ചൂടു മണ്ണിന്റെ ഗുണമേന്മയും കുറയ്ക്കും. മണ്ണിൽ സോഡിയത്തിന്റെ അളവു കൂടാനുള്ള സാധ്യതയുണ്ട്. ഇതു ഭാവിയിൽ കൃഷിയിറക്കുമ്പോൾ വിളവിനെ ബാധിക്കും. അടുത്ത കൃഷിക്കു മുൻപു പരിശോധന നടത്തി മണ്ണിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.