ഫ്രാന്‍സിന്‍റെ അറ്റ്ലാന്‍റിക് തീരത്തുള്ള ബിസ്കേ മേഖലയിലാണ് അംഗഭഗം വന്ന ഡോള്‍ഫിനുകള്‍ വ്യാപകമായി ചത്തടിയുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തിനിടെ 1100 ഡോള്‍ഫിനുകളാണ് ഇങ്ങനെ തീരത്തടിഞ്ഞത്. അതായയ് ഒരു ദിവസം ശരാശരി 25 ഡോള്‍ഫിനുകള്‍. ഡോള്‍ഫിനുകളുടെ ഈ കൂട്ടമരണം രാജ്യാന്തര തലത്തില്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയും പ്രതിഷേധവും ഒരു പോലെ സൃഷ്ടിച്ചിരിക്കുകയാണ്. 

കാരണം യന്ത്രവൽകൃത വലകള്‍

Image Credit: Pelagis Observatory/Universite de La Rochelle

യൂറോപ്പില്‍ ഡോള്‍ഫിനുകള്‍ പാതി മുറിഞ്ഞ ശരീരവുമായി തീരത്തടിയുന്നത് ഇതാദ്യമായല്ലെന്ന് തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ സമുദ്ര സസ്തനി ഗവേഷണ കേന്ദ്രമായ പെലാഗിസ് ഒബ്സര്‍വേറ്ററി പറയുന്നു. വ്യാവസായിക മത്സ്യബന്ധനം നടത്തുന്ന കൂറ്റന്‍ ട്രോളറുകളാണ് ഡോള്‍ഫിനുകളുടെ കൂട്ടമരണത്തിനു കാരണമാകുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അബദ്ധത്തില്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന ഇവയെ കുടുങ്ങിയ ശരീര ഭാഗം മുറിച്ചു മാറ്റിയാണ് ഇതില്‍ നിന്നും പുറത്തെടുക്കുന്നത്. ശരീരം ഭാഗം മുറിയുന്നതോടെ ഡോള്‍ഫിനുകള്‍ ചോര വാര്‍ന്നു മരിയ്ക്കുകയും ചെയ്യും. 

ചത്തടിഞ്ഞ ഡോള്‍ഫിനുകളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഈ നിഗമനങ്ങള്‍ സാധൂകരിക്കുന്നു. വലയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലും വലയില്‍നിന്ന് ഇവയെ പുറത്താക്കാനുള്ള ശ്രമത്തിലുമാണ് ഡോള്‍ഫിനുകള്‍ക്കു മുറിവേറ്റതെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം എല്ലാ വര്‍ഷവും ഇങ്ങനെ ഡോള്‍ഫിനുകള്‍ തീരത്ത് ചത്തടിയാറുണ്ടെങ്കും ഇക്കുറി ഇവയുടെ എണ്ണത്തിലുണ്ടായ വർധനവ് ഞെട്ടിപ്പിക്കുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

മുപ്പതിരട്ടിയിലധികം ഡോള്‍ഫിനുകള്‍ 

Image Credit: Pelagis Observatory/Universite de La Rochelle

എല്ലാ വര്‍ഷവും ഈ ദുരന്തം സംഭവിക്കാറുണ്ടെങ്കിലും ഇത്രയധികം ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നത് ഇതാദ്യമായണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഒരു വര്‍ഷം കൊണ്ട് തീരത്തടിയുന്ന ഡോള്‍ഫിനുകളേക്കാള്‍ പല ഇരട്ടിയാണ് മൂന്നു മാസം കൊണ്ട് ഫ്രാന്‍സിന്‍റെ പശ്ചിമ തീരത്തെത്തിയത്. 2018 ല്‍ തീരത്തടിഞ്ഞ ഡോള്‍ഫിനുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡായിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് മൂന്നു മാസം കൊണ്ടാണ് 2019 ല്‍ തകർത്തത്. 

ഡോള്‍ഫിനുകളുടെ ഈ കൂട്ടമരണം അധികൃതരുടെ കണ്ണു തുറക്കാനും സഹായകമായി. യന്ത്രവൽകൃത ട്രോളിങ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി എടുക്കുമെന്ന് ഫ്രഞ്ച് പരിസ്ഥിതി മന്ത്രി ഫ്രാന്‍സിസ് ഡി റോസെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡോള്‍ഫിനുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുമെന്നും ഫ്രാന്‍സിലെ ആദ്യത്തെ ഡോള്‍ഫിന്‍, തിമിംഗല ആക്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്നും ഡി റോസെ വ്യക്തമാക്കി.

മുന്‍കരുതലുകള്‍

ഡോള്‍ഫിനുകള്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങാതിരിക്കാനുള്ള പ്രതിരോധ നടപടികളും ഫ്രഞ്ച് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡോള്‍ഫിനുകളെ വലയില്‍നിന്നകറ്റി നിര്‍ത്തുന്ന പിങ്ങര്‍ എന്ന പംമ്പിങ് യന്ത്രം സ്ഥാപിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.  എന്നാല്‍ ഈ മാര്‍ഗം ഫലപ്രദമായേക്കില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാരണം പിങ്ങര്‍ യന്ത്രം ഡോള്‍ഫിനുകളെ മാത്രമല്ല വലിയ മത്സ്യങ്ങളെയും വലയില്‍ നിന്നകറ്റി നിര്‍ത്തും. ഇത് മത്സ്യബന്ധന കപ്പലുകള്‍ക്കു തിരിച്ചടിയാണെന്നതിനാല്‍ ഇവര്‍ പിങ്ങര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കില്ല. അതിനാല്‍ തന്നെ ഡോള്‍ഫിനുകളെ രക്ഷിക്കാന്‍ പിങ്ങര്‍ യന്ത്രങ്ങള്‍ ഫലപ്രദമാകില്ലെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്.

ഡോള്‍ഫിന്‍ കൂട്ടക്കൊലയില്‍ ഇതാദ്യമായല്ല അധികൃതര്‍ പ്രസ് റിലീസ് ഇറക്കി തടിതപ്പുന്നതെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ ലമ്യ ഇസംലാലി കുറ്റപ്പെടുത്തുന്നു. വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കി ഒട്ടനവധി വര്‍ഷങ്ങള്‍ ഇതിനകം കടന്നുപോയി. സമുദ്ര സസ്തനികള്‍ ജീവിക്കുന്ന സംരക്ഷിത മേഖലകളിൽ വന്‍ തോതിലുള്ള മത്സ്യബന്ധനം നിരോധിക്കുകയാണ് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.