ഇന്നേവരെ ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ കരടികളുണ്ടായിരുന്ന പ്രദേശമാണ് മെക്സിക്കോ. പ്രത്യേകിച്ചും വടക്കേ അമേരിക്കയേയും തെക്കെ അമേരിക്കയേയും ഇന്ന് ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കുന്ന മേഖലകള്‍ ഇവയുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളായിരുന്നു ഒടുവിലത്തെ ഹിമയുഗത്തിന്‍റെ അവസാനം വരെ. അതായത് ഏതാണ്ട് പതിനായിരം വര്‍ഷം മുന്‍പ് വരെ ഈ കരടികള്‍ സജീവമായിരുന്നു എന്നാണു കണക്കാക്കുന്നത്. 

ഇപ്പോഴത്തെ കരടികളില്‍ നിന്നു വ്യത്യസ്തമായി മുഖത്തിന് തലയേക്കാള്‍ വലുപ്പം കുറവായിരുന്നു. ഇപ്പോഴത്തെ കരടികളുടെ അത്ര നീളവും ഈ കരടികളുടെ മുഖത്തിനില്ലായിരുന്നു. എന്നാൽ വേട്ടായാടുന്ന കാര്യത്തില്‍ ചെന്നായ്ക്കളെ പോലും പിന്നിലാക്കുന്ന ശൗര്യമാണ് ഈ കരടികള്‍ക്കുണ്ടായിരുന്നതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ചെന്നായ് കരടി എന്നാണ് ഇവയെ വിശേഷിപ്പിച്ചിരുന്നത്. ഹിമയുഗത്തിന്‍റെ അവസാനത്തോടെ വംശനാശം സംഭവിച്ച ഇവയുടെ അവശേഷിപ്പുകളുടെ വലിയൊരു ശേഖരമാണ് ഇപ്പോള്‍ മെക്സിക്കോയിലെ കടലിനടിയിലെ ഗുഹയില്‍ നിന്നു കണ്ടെത്തിയിരിക്കുന്നത്.

കടലിനടിയിലെ ശവക്കല്ലറ

അക്ഷരാർഥത്തില്‍ കടലിനടിയിലെ ഒരു ശവക്കല്ലറയാണ് മെക്സിക്കോയിലെ ഈ തുരങ്കം. ഇതില്‍ ചെന്നായ് കരടികളുടേതു മാത്രമല്ല വംശനാശം സംഭവിച്ച 12000 വര്‍ഷം പഴക്കുള്ള മനുഷ്യരുടേതു മുതല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച  ഗോംഫോതറസിന്‍റെ വരെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഐസ് ഏജ് സിനിമയിലൂടെ പ്രശസ്തമായ സാബര്‍ടൂത്ത് പുലികള്‍, സ്ലോത്തുകളുടെ മുന്‍ഗാമികള്‍, കൂറ്റന്‍ കാട്ടുപട്ടികള്‍, പ്യൂമകള്‍ തുടങ്ങിയവയുടേയും അസ്ഥികൂടങ്ങള്‍ ഈ തുരങ്കത്തില്‍ നിന്നു കണ്ടെത്തുകയുണ്ടായി.

കരുതലോടെ സൂക്ഷിച്ചിരിക്കുന്ന ഫോസില്‍ ശേഖരമെന്നാണ് ഈ തുരങ്കത്തിലെ മൃഗങ്ങളുടെ ശേഷിപ്പുകളെ ഗവേഷകര്‍ വിശേഷിപ്പിച്ചത്. മെക്സിക്കോയിലെ യുകാറ്റാന്‍ ഉപദ്വീപിലെ സാക് അക്റ്റണ്‍ ഗുഹാസമൂഹത്തിന്‍റെ ഭാഗമായുള്ള ഹോയോ നീഗ്രോ എന്നു പേരു നല്‍കിയിരിക്കുന്ന തുരങ്കത്തില്‍ നിന്നാണ് ഈ ഫോസിലുകള്‍ കണ്ടെത്തിയത്. ഹിമയുഗത്തിന്‍റെ അവസാനത്തില്‍ കടല്‍ നിരപ്പിലുണ്ടായ വലിയ വർധനവാണ് ഈ മേഖലയെ വെള്ളത്തിനടിയിലാക്കിയത്. അതുവരെ ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി പല തരത്തിലുള്ള പുരാതന ജീവികളുടെയും വിഹാര കേന്ദ്രമായിരുന്നു ഈ മേഖല.

ഇത്രയധികം പുരാതന ജീവികളുടെ ഫോസിലുകള്‍ ഒരുമിച്ചു ലഭിച്ചതോടെയാണ് ഗുഹയ്ക്ക് ഹോയോ നീഗ്രോ എന്ന പേരു നല്‍കിയത്. ഹോയോ നീഗ്രോ എന്നാല്‍ സ്പാനിഷില്‍ ബ്ലാക്ക് ഹോള്‍ എന്നാണ് അർഥം. പൗരാണിക ജീവികളെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലുകള്‍ക്കു വഴിവച്ചേക്കാവുന്നതാണ് ഈ ഫോസില്‍ ശേഖരം. അതിനാലാണ് ഈ ഫോസില്‍ ശേഖരം കണ്ടെത്തിയ ഗുഹയ്ക്ക് ബ്ലാക്ക് ഹോള്‍ എന്നര്‍ത്ഥം വരുന്ന പേരു നല്‍കിയതും.

ഈ തുരങ്കം ശവപ്പറമ്പായത് എങ്ങനെ?

ഗുഹാസമൂഹത്തിന്‍റെ ഭാഗമാണെങ്കിലും തുരങ്കം എന്നു വിളിപ്പേരുണ്ടെങ്കിലും യഥാർഥത്തില്‍ ഒരു കിടങ്ങു പോലെയാണ് ഹോയോ നീഗ്രോ സ്ഥിതി ചെയ്യുന്നത്. 60 മീറ്റര്‍ താഴ്ചയാണ് ഈ കിടങ്ങിനുള്ളത്. അതുകൊണ്ട് തന്നെ ഒരു കാലത്ത് വെള്ളമില്ലാതെ വരണ്ടു കിടന്നിരുന്ന ഈ കിടങ്ങിലേക്ക് അബദ്ധത്തില്‍ ജീവികള്‍ വീഴാനുള്ള സാധ്യത ഏറെയായിരുന്നു. ഇങ്ങനെ വീണു ചത്തു പോയ ജീവികളുടേതാണ് ഈ കിടങ്ങിനുള്ളില്‍ കണ്ടെത്തിയ ഫോസിലുകളെന്നാണു ഗവേഷകര്‍ കരുതുന്നത്.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മരണക്കിടങ്ങ ്ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അന്ന് മുതല്‍ പല തവണകളായുള്ള പര്യവേക്ഷണങ്ങളിലായി വിവിധ ഇനത്തില്‍ പെട്ട നൂറിലധികം ജീവികളുടെ ഫോസിലുകള്‍ കടലിനടിയിലെ ഈ കിടങ്ങില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പക്ഷേ ഗവേഷകരെ ഏറ്റവുമധികം ആവേശഭരിതരാക്കിയത് അടുത്തിടെ കണ്ടെത്തിയ ചെന്നായ്ക്കരടികളുടെ ഫോസിലുകളാണ്. 

ധ്രുവപ്രദേശങ്ങളില്‍ നിന്നും സമശീതോഷ്ണ മേഖലകളില്‍ നിന്നും വ്യത്യസ്തമായി കേടുപാടുകള്‍ സംഭവിക്കാത്ത ഫോസിലുകള്‍ ഭൂമധ്യരേഖാ പ്രദേശത്തു നിന്നു കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ മെക്സിക്കോയിലെ ഈ ഫോസില്‍ ശേഖരം ഗവേഷകര്‍ക്ക് നിരവധി വിവരങ്ങള്‍ നല്‍കുന്നതാണ്. ചെന്നായ്ക്കരടികളുടെ ഫോസിലുകള്‍ തന്നെയാണ് ഇതിനുദാഹരണം. ഇപ്പോള്‍ ഫോസിലുകള്‍ കണ്ടെത്തിയ മേഖലയില്‍ നിന്ന് 2000 കിലോമീറ്റര്‍ മാറിയാണ് ഇതുവരെ ചെന്നായ്ക്കരടികളുടെ ഫോസിലുകള്‍ ലഭിച്ചിട്ടുള്ളത്. ഇവയില്‍ നിന്ന് മെക്സിക്കോ മേഖലയിലെ കരടികള്‍ എങ്ങനെ ജനിതകമായി വ്യത്യസപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫോസിലുകള്‍.