മൃഗങ്ങളെ മനുഷ്യർ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇവയില്‍ പശുവും ആടുകളും കോഴികളും പോലുള്ളവയെ കൂട്ടത്തോടെ വളര്‍ത്തുന്ന ഫാമുകള്‍ പോലും ഇന്നു വ്യാപകമായുണ്ട്. ആഫ്രിക്കയിലും മറ്റും മുതല ഫാമുകള്‍ പോലും ധാരാളമായി കാണാം. മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നത് മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള സൗകര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും മറ്റും നിരവധിയാണ്. എന്നാല്‍ ഇനിയും മനുഷ്യര്‍ ഏതൊക്ക മൃഗങ്ങളുടെ ഫാം ആരംഭിച്ചാലും നീരാളികളെ മാത്രം തൊടരുതെന്നാണ് ഒരു സംഘം ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

എന്തുകൊണ്ട് ഒക്ടോപസ് ഫാം?

ആഫ്രിക്കയിൽ മുതലകളുടെ ഫാം ആരംഭിച്ചത് ചൈനയിലും മറ്റും വർധിച്ചു വരുന്ന മുതലയെ ഭക്ഷണമാക്കാനുള്ള മനുഷ്യരുടെ താല്‍പര്യം കാരണമാണ്. സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ നീരാളിക്കും ഉണ്ടായിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് നീരാളികളോട് ഒരു ഭക്ഷ്യവസ്തുവെന്ന നിലയിലുള്ള താല്‍പര്യം വർധിച്ചു വരികയാണെന്നാണു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിലാണ് 2019ല്‍ നീരാളികളെ ആളുകള്‍ വാങ്ങുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ കടലിലെ നിരാളികളെ സംരക്ഷിക്കാന്‍ പല രാജ്യങ്ങളും നീരാളി ഫാമുകള്‍ തുടങ്ങുന്നതിനുള്ള അനുമതികള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീരാളികകളുടെ ഫാമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയാന്‍ ഒരു സംഘം ഗവേഷകര്‍ പഠനം നടത്തിയത്. ഈ പഠനമണ് ഇത്തരം ഫാമുകള്‍ സൃഷ്ടിച്ചേക്കാവുന്ന കനത്ത പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നത്.

തീറ്റഭ്രാന്തന്‍മാരായ നീരാളികള്‍

സമുദ്രത്തിലെ ഏറ്റവും വലിയ തീറ്റക്കാരില്‍ ഒരാളാണ് നിരാളികള്‍. മറ്റ് ജീവികള്‍ കഴിയ്ക്കുന്നതിന്‍റെ മൂന്നിരട്ടി ഭക്ഷണമെങ്കിലും കഴിച്ചാലെ നീരാളികളുടെ വിശപ്പടങ്ങൂ. അതുകൊണ്ട് തന്നെ ഇവയുടെ വിശപ്പടക്കാന്‍ അത്രമാത്രം മത്സ്യങ്ങള്‍ വേണ്ടിവരും. മനുഷ്യര്‍ക്ക് പണം കൊടുത്തു മത്സ്യം വാങ്ങി നീരാളിക്ക് നല്‍കി ഈ പണം കൂടി നീരാളിയെ വിറ്റ് കിട്ടുന്ന ലാഭത്തില്‍നിന്നു കണ്ടെത്താനാകും. എന്നാൽ പ്രകൃതിക്ക് ഈ കച്ചവടം ലാഭകരമാകില്ല.

കടലില്‍ സ്വാഭവികമായി നിരാളികള്‍ വളരുന്നതു പോലയാകില്ല ഫാമിലെ സംരക്ഷണത്തില്‍ വളരുന്നത്. ഇവ വ്യാപകമായി പെറ്റു പെരുകും. ഇല്ലെങ്കില്‍ ഇവയുടെ എണ്ണം വർധിപ്പിക്കാനുള്ള സാഹചര്യം ലാഭക്കൊതി മൂലം മനുഷ്യന്‍ സൃഷ്ടിക്കും. ഇങ്ങനെ എണ്ണം വർധികുന്നതനുസരിച്ച് ഇവക്കു വേണ്ട തീറ്റയും വർധിക്കും. ഇത് പ്രകൃതിയിലെ സ്രോതസ്സുകളിലേല്‍പിക്കുന്ന ആഘാതം പരിധികളില്ലാത്തതാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.

നീരാളികളോട് ചെയ്യുന്ന  ക്രൂരത

ഭക്ഷണം മാത്രമല്ല, നീരാളികളോടു ചെയ്യുന്ന ക്രൂരത കൂടിയാണ് ഈ കൂട്ടിലടയ്ക്കല്‍. ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളിലൊന്നാണ് നീരാളി. മനുഷ്യരെ തിരിച്ചറിയാനും കുപ്പിയുടെ അടപ്പു തുറക്കാനും വരെ ഇവയ്ക്കു കഴിയും. ഇവയുടെ പ്രശ്നപരിഹാര ബുദ്ധി ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.. ഇങ്ങനെയുള്ള നീരാളികളെ കൂട്ടിലടച്ചിടുന്നത് അവയോട് ചെയ്യുന്ന ക്രൂരതയാണ്. കാരണം കൂട്ടില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ ഈ നീരാളികള്‍ക്കു മനസ്സു മടുക്കും. ഒരു പക്ഷേ ഇവയെല്ലാം നിരാശയിലേക്കു വീഴുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ കൂടെയുള്ള മറ്റു നീരാളികളെ കൊന്നു തിന്നുന്നതും സ്വന്തം കൈകളുടെ അറ്റം തന്നെ കടിച്ചു തിന്നുന്നതും ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏതാവശ്യത്തിന്‍റെ പേരിലായാലും നീരാളികളെ കൂട്ടിലിടുന്നത് ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. പക്ഷേ നിരാളിക്കച്ചവടം സമുദ്രോൽപന്നങ്ങളില്‍ ഏറ്റവും വിലയേറിയ ഒന്നായി മാറിയ സന്ദര്‍ഭത്തില്‍ ഇവരുടെ ആവശ്യത്തിനു ലോകം ചെവി കൊടുക്കുമോയെന്നു മാത്രമാണ് ബാക്കിയാകുന്ന ചോദ്യം.