ചീര വർഗത്തിൽ പെട്ട പുതിയ സസ്യത്തെ പശ്ചിമഘട്ടത്തിലൽ നിന്നു കണ്ടെത്തി. കുളത്തൂപ്പഴ വനമേഖലയിൽ നിന്നാണു കാസർകോട് ഗവ. കോളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ.വി.എസ്. അനിൽകുമാർ, യൂണിവേഴ്സിറ്റി കോളജ് ബോട്ടണി വിഭാഗം ഗവേഷണ വിദ്യാർഥിനി എസ്.ആര്യയും ചേർന്നാണ് ഈ സസ്യത്തെ ആദ്യം കണ്ടെത്തിയത്. 

റീജനൽ കാൻസർ സെന്ററിലെ ഗവേഷണ വിദ്യാർഥി കെ.വിഷ്ണുവൽസൻ,  മഞ്ചേരി എൻഎസ്എസ് കോളജ് ബോട്ടണി വിഭാഗം അധ്യാപകൻ ടി.രാജേഷ്കുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു. കേരളത്തിലെ മറ്റു പല ജില്ലകളിൽ നിന്നും ഈ സസ്യത്തെ പിന്നീടു കണ്ടെത്തിയിട്ടുണ്ട്. ‘അമരാന്തസ് ശാരദിയാന’ എന്നാണു പുതിയ സസ്യത്തിനു ഗവേഷകർ നൽകിയ ശാസ്ത്രീയ നാമം. അനിൽകുമാറിന്റെ അമ്മ ശാരദയുടെ സ്മരണാർഥമാണ് ഈ പേരു നൽകിയത്. 

ഗവേഷകരുടെ കണ്ടെത്തൽ ന്യൂസിലാൻഡിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സസ്യവർഗീകരണ ശാഖയിലെ പ്രമുഖ രാജ്യാന്തര പ്രസിദ്ധീകരണമായ ‘ഫൈറ്റോ ടാക്സ’യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ ചീരയിനത്തിൽ പെട്ട ഏതാണ്ട് 13ൽ പരം സസ്യങ്ങളുണ്ട്. പുതിയ ചീരയിനം കേരളത്തിൽ നിന്നു റിപ്പോർട് ചെയ്യുന്നതു നടാടെയാണ്.