ലോകത്ത് ഏറ്റവുമധികം കാട്ടുകുതിരകളുള്ള രാജ്യമാണ് അമേരിക്ക. പശ്ചിമ അമേരിക്കയിലെ പുല്‍മേടുകള്‍ ഇവയുടെ വിഹാരകേന്ദ്രമാണ്. പക്ഷേ ഇന്ന് അമേരിക്കയിലെ ഈ പൊതുനിലങ്ങള്‍ക്ക് കാട്ടുകുതിരകളുടെ അംഗസംഖ്യയിലുള്ള വർധനവ് താങ്ങാന്‍ കെല്‍പ്പില്ല. ഇതോടെയാണ് കാട്ടിലെ കുതിരകളില്‍ ഒരു വിഭാഗത്തെ വളര്‍ത്താന്‍ തയ്യാറുള്ളവര്‍ക്കായി ദത്ത് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇങ്ങനെ ദത്തെടുക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് 1 കുതിരയ്ക്ക് 1000 ഡോളര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ പ്രതിഫലം നല്‍കുക.

അമേരിക്കന്‍ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്‍റ് ആണ് കുതിരയെ ദത്തെടുക്കാന്‍ തയാറുള്ള പരിചയസമ്പന്നരായ പരിശീലകര്‍ക്കു പണം നല്‍കുക. കുതിരയെ ദത്തെടുക്കുന്ന സമയത്ത് 500 ഡോളര്‍ നല്‍കും. പിന്നീട് ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയായി 1 വര്‍ഷം കഴിഞ്ഞ് കുതിരയുട ആരോഗ്യനില വിലയിരുത്തിയ ശേഷമാകും 500 ഡോളര്‍ കൂടി നല്‍കുക. കാട്ടുകുതിരകളെ മാത്രമല്ല ബറോസ് എന്ന് വിളിക്കുന്ന കഴുത ഇനത്തില്‍ പെട്ട ജീവികളെയും ഇങ്ങനെ ദത്തെടുക്കാന്‍ സാധിക്കും.

മേയാന്‍ ഇടമില്ലാതെ കുതിരകള്‍

കാട്ടുകുതിരകളുടെയും കഴുതകളുടെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് പുല്‍മേടുകള്‍ തികയാത്ത  അവസ്ഥയാണ്  ഇപ്പോഴുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ബ്യൂറോ ഓഫ്‍ ലാന്‍ഡ് മാനേജ്മെന്‍റ് ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഭ്യമായ പൊതു ഇടത്തിന്‍റെ അളവും വന്യജീവികളുടെ എണ്ണവും തമ്മിലുള്ള പൊരുത്തം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുതിരകളെ ദത്തെടുക്കുന്നതിനായി വ്യക്തികള്‍ക്കു നല്‍കുന്ന തുക ഇവ ജീവിതകാലം മുഴുവന്‍ പുല്‍മേടുകളില്‍ വളരുമ്പോള്‍ സര്‍ക്കാരിനു വരുന്ന ചിലവിനേക്കാള്‍ ഏറെ കുറവാണന്ന് അധികൃതര്‍ വിശദീകരിക്കുന്നു. 

കാട്ടുകുതിരകളുടെയും കഴുതകളുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവ് മൂലം സര്‍ക്കാരിനുണ്ടാകുന്ന ചിലവിൽ വര്‍ഷം തോറും അന്‍പത് മില്യണ്‍ ഡോളറിന്‍റെ വർധനവുണ്ടാകാറുണ്ട്. പശ്ചിമ അമേരിക്കയില്‍ മാത്രം ഏതാണ്ട് 82000 ത്തില്‍ അധികം കാട്ടുകുതിരകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ എണ്ണം തന്നെ പുല്‍മേടുകളുടെ വിസ്തൃതി വച്ചു നോക്കിയാല്‍ മൂന്നിരട്ടിയിലധികമാണ്. ഈ അസന്തുലിതാവസ്ഥ പുല്‍മേടുകളുടെ നിലനില്‍പിനും കുതിരകളുടെ അതിജീവനത്തിനും ഒരു പോലെ ഭീഷണിയാണ്. നിലവില്‍ 26.9മില്യണ്‍ ഏക്കര്‍ ഭൂമിയാണ് 10 സംസ്ഥാനങ്ങളിലായി കുതിരകളുടെ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കുതിരയേയോ കഴുതയേയോ ദത്തെടുക്കുന്നത് രാജ്യത്തിനു വേണ്ടി ഏറ്റെടുക്കുന്ന ഒരു ഉത്തരവാദിത്തം കൂടിയാണെന്ന് ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്‍റ് ഡയറക്ടര്‍ ബ്രയാന്‍ സ്റ്റീഡ് പറയുന്നു. കുതിരയുടെ തുടക്കത്തിലുള്ള പരിശീലനം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ട തുക എന്ന നിലയിലാണ് 1000 ഡോളര്‍ സര്‍ക്കാര്‍ നല്‍കുന്നത്. 1971 ലാണ് ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്മെന്‍റ് സ്ഥാപിതമാകുന്നത്. കുതിരകളെ ദത്തെടുക്കുന്നത് പ്രോൽസാഹിപ്പിച്ചു തുടങ്ങിയത് ഇപ്പോഴാണങ്കിലും ഈ സംവിധാനം മുന്‍പും നിലവിലുണ്ടായിരുന്നു. 1971 മുതല്‍ ഇതുവരെ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം കുതിരകളെ ആളുകള്‍ ദത്തെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്.