ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഒട്ടേറെ പരിസ്ഥിതി ഉടമ്പടികളുണ്ട്. എന്നാല്‍ ആഗോളതാപനത്തിനെതിരെയുള്ള പാരിസ് ഉടമ്പടിയും ,കീടനാശിനികളുടെ അമിത ഉപയോഗത്തിനെതിരെയുള്ള സ്റ്റോക്ഹോം ഉടമ്പടിയും ഉള്‍പ്പെടെ പരാജയപ്പെട്ടവയാണ് ഈ പട്ടികയിലേറെയും. എന്നാല്‍ പൂര്‍ണവിജയമെന്നു വിലയിരുത്താവുന്ന ഒരു പരിസ്ഥിതി ഉടമ്പടി ഈ കൂട്ടത്തിലുണ്ട്. ഓസോണ്‍ പാളികളെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോ കാര്‍ബണ്‍ ഉൽപാദിപ്പിക്കുന്ന വസ്തുക്കളെ നിരോധിക്കുന്ന മോണ്‍ട്രിയല്‍ ഉടമ്പടിയാണിത്. ഈ ഉടമ്പടി ഒപ്പു വച്ച് രണ്ട് പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ തന്നെ ഓസോണ്‍ പാളികളില്‍ വിള്ളല്‍ വീണ പ്രദേശങ്ങളെല്ലാം തന്നെ പൂര്‍വസ്ഥിതിയാലികാന്‍ ആരംഭിച്ചിരുന്നു.

ഓസോണില്‍ തിരികെയെത്തുന്ന വിള്ളലുകള്‍

എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ഒരു അമേരിക്കന്‍ ഗവേഷകന്‍ ഓസോണ്‍ പാളികളില്‍ വീണ്ടും ചില പ്രദേശങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതായി കണ്ടെത്തിയത്. ഇതിനു കാരണമായ ക്ലോറോഫ്ലൂറോ കാര്‍ബണുകളുടെ ഉറവിടം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വര്‍ഷമായി ശ്രമം നടത്തുകയായിരുന്നു. ഇതിനൊടുവിലാണ് ഈ അജ്ഞാത സ്രോതസ്സിനെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നാണ് ഈ നിരോധിക്കപ്പെട്ട വാതകം അന്തരീക്ഷത്തിലേക്കെത്തുന്നതെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

ചൈനയിലെ വ്യാവസായിക മേഖലയായാണ് വടക്കുകിഴക്കന്‍ പ്രദേശത്തെ കണക്കാക്കുന്നത്. 2013 ല്‍ മോണ്‍ട്രിയല്‍ ഉടമ്പടി വിജയകരമാണെന്നു പ്രഖ്യാപിക്കുന്ന സമയത്തും ഈ പ്രദേശത്തു നിന്ന് ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ പുറന്തള്ളുന്നുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. അറിഞ്ഞോ അറിയാതയോ സംഭവിക്കുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണുകളുടെ ഈ ബഹിര്‍ഗമനം പക്ഷേ ഓസോണില്‍ സാരമായ പരിക്കേല്‍പിക്കാന്‍ പോന്നതാണെന്നു ഗവേഷകര്‍ പറയുന്നു.

വിപരീത ദിശയില്‍ ചൈന

2008 നും 2017 നും ഇടയിലുള്ള കാലയളവില്‍ ചൈനയിലെ ഈ മേഖലയില്‍ നിന്നുള്ള ക്ലോറോ ഫ്ലോറോ കാര്‍ബണ്‍ പുറന്തള്ളലിന്‍റെ അളവ് ഏതാണ്ട് 110 ശതമാനം വർധിച്ചെന്നാണ് കണക്കാക്കുന്നത്. ഇക്കാലയളവില്‍ ലോകത്താകമാനമുണ്ടായ ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ 80 ശതമാനത്തോളം വരുമിത്. ചൈന ഒഴികയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പടെ മറ്റെല്ലായിടത്തും ക്ലോറോ ഫ്ലൂറോ കാര്‍ബണിന്‍റെ ബഹിര്‍ഗമനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴാണ് ചൈനയുടെ ഈ മേഖലയില്‍ മാത്രം വർധനവ് കാണാന്‍ സാധിക്കുന്നത്. 

അതേസമയം ഈ ബഹിര്‍ഗമനം നിയമവിരുദ്ധമാണെങ്കിലും ഇവ തടയുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഫ്രിഡ്ജുകളും മറ്റും തണുപ്പെത്തിക്കാനുള്ള ചെലവു കുറഞ്ഞ മാര്‍ഗമാണ് ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍. അതുകൊണ്ട് തന്നെ ചൈനയെ പോലെ ഉൽപാദനത്തിലും അതിന്‍റെ കയറ്റുമതിക്കും പ്രാധാന്യം നല്‍കുന്ന രാജ്യത്ത് ക്ലോറോ ഫ്ലൂറോ കാര്‍ബണുകളുടെ ഉപയോഗം തടയാന്‍ രാജ്യാന്തര നിയമങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നാണ് ഗവഷകരുടെ വിലയിരുത്തല്‍. ഇതിന് മറ്റു രാജ്യങ്ങളുടെ ശക്തിയായ സമ്മര്‍ദം തന്നെ ചൈനയുടെ മേല്‍ വേണ്ടിവരും. 

ക്ലോറോഫ്ലൂറോ കാര്‍ബണുകള്‍ ഏറ്റവുമധികം പുറന്തള്ളുന്നുവെന്ന് കണക്കാക്കുന്ന ക്സിന്‍ഫു പോലുള്ള ചൈനീസ് നഗരങ്ങളിലേക്ക് ഇപ്പോഴും ഈ വാതകങ്ങള്‍ ധാരാളമായി എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സിന്‍ഫു സ്ഥിതി ചെയ്യുന്ന ഷാഡോങ് ,ഹബേയ് എന്നീ പ്രവിശ്യകളില്‍ നിന്നാണ് ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ ലോകത്തുതന്നെ ഏറ്റവുമധികം പുറന്തള്ളപ്പെടുന്നതെന്നാണു കരുതുന്നത്. പ്രദേശത്തെ വന്‍കിട വ്യവസായ സംരഭങ്ങളാണ് ഈ വാതകങ്ങള്‍ ഉപയോഗിക്കുന്നത്. അതേസമയം ഇത്ര വലിയ അളവിൽ ക്ലോറോ ഫ്ലൂറോ കാര്‍ബണണുകള്‍ നിര്‍മിച്ച് ഇവിടേക്കെത്തുന്നത് എവിടെ നിന്നാണെന്നു വ്യക്തമല്ല