മറയൂർ അഞ്ചുനാട് മേഖലയിൽ പലയിടങ്ങളിലും ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും. 3 ദിവസം തുടർച്ചയായി കാന്തല്ലൂർ, കീഴാന്തൂർ, പെരുമല, പുത്തൂർ തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ ലഭിച്ചു. അതേസമയം മറയൂർ ടൗൺ പ്രദേശത്തു കാര്യമായ മഴ ലഭിച്ചില്ല. ഓണവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരെ കനത്ത മഴ  ആശങ്കയിലാക്കുകയാണ്.

ശീതകാല പഴം, പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലാണ് ഉച്ചകഴിഞ്ഞുള്ള സമയത്തു ശക്തമായ മഴ പെയ്യുന്നത്. കഴിഞ്ഞ 3 ദിവസമായി മഴയ്ക്കൊപ്പം വൻതോതിൽ ആലിപ്പഴവും വീഴുന്നുണ്ട്. ആലിപ്പഴം വീഴ്ച കാഴ്ചക്കാർക്കു കൗതുകമാണെങ്കിലും പ്രദേശത്തു വ്യാപകമായി കൃഷി ചെയ്തിരിക്കുന്ന വെളുത്തുള്ളി, കാബേജ്, പഴവർഗങ്ങൾ തുടങ്ങിയവയെ ഇതു സാരമായി ബാധിക്കുമെന്നാണു കർഷകർ പറയുന്നത്. 

സീസണോടനുബന്ധിച്ച് പുത്തൂർ, പെരുമല, കീഴാന്തൂർ, കാന്തല്ലൂർ, കുളച്ചിവയൽ തുടങ്ങിയ ഗ്രാമങ്ങളിൽ ഹെക്ടർ കണക്കിന് സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ സമാനമായ രീതിയിൽ പെയ്തിറങ്ങിയ ആലിപ്പഴം കനത്ത കൃഷി നാശം വരുത്തിയിരുന്നു. ഇനിയും മഴ തുടർന്നാൽ കടം വാങ്ങിയും മറ്റും ഇറക്കിയ കൃഷി എന്താകുമെന്ന ആശങ്കയിലാണു കർഷകർ.