സംസ്ഥാനത്തു പരിസ്ഥിതി ടൂറിസത്തിനു പുതുപ്രതീക്ഷയേകി പുതുവൈപ്പിൽ രാജ്യാന്തര കണ്ടൽ പഠനകേന്ദ്രം വരുന്നു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനാണു പഠനകേന്ദ്രമായി ഉയർത്തുന്നത്. രാജ്യത്തു തന്നെ അപൂർവമായ കണ്ടൽ കന്യാവനങ്ങളുടെ തുരുത്താണ് 50 ഏക്കറോളം വരുന്ന  പുതുവൈപ്പ് സ്റ്റേഷൻ. പലതരം കണ്ടൽച്ചെടികളാൽ നിറഞ്ഞ ഇവിടം വിവിധ ഓരുജല മത്സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ദേശാടനക്കിളികൾ അടക്കം ഒട്ടേറെ ജലപക്ഷികളുടെയും സ്വഭാവിക ആവാസവ്യവസ്ഥയും പ്രജനന കേന്ദ്രവുമാണ്.

രാജ്യാന്തര ഗവേഷകർ കണ്ടൽച്ചെടികളെയും ആവാസവ്യവസ്ഥയെയും കുറിച്ചു പഠിക്കാൻ പുതുവൈപ്പിൽ എത്തുന്നുണ്ട്. ഇതാണു രാജ്യാന്തര പഠന കേന്ദ്രം എന്ന നിർദേശത്തിനു പിന്നിൽ. കണ്ടൽ കന്യാവനങ്ങളുടെ സ്വഭാവികതയ്ക്കും ജനങ്ങളുടെ ജീവിതത്തിനും ആഘാതമുണ്ടാക്കാതെയാകും പദ്ധതി. ഫിഷറീസ് സ്റ്റേഷനിൽ നടന്ന പരിസ്ഥിതി-ഫിഷറീസ് ശാസ്ത്രഞ്ജരുടെയും ഗവേഷകരുടെയും ദേശീയ സമ്മേളനമാണു പഠനകേന്ദ്രത്തിനായുള്ള നിർദേശം മുന്നോട്ടുവച്ചത്. സമ്മേളനം കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുഫോസ്, കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രം, കേന്ദ്ര ഓരുജല മത്സ്യ ഗവേഷണ കേന്ദ്രം, കേരള റിമോട്ട് സെൻസിങ്- പരിസ്ഥിതി പഠന കേന്ദ്രം തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രഞ്ജരാണു സമ്മേളത്തിൽ പങ്കെടുത്തത്.

കുഫോസ് ഗവേണിങ് കൗൺസിൽ അംഗീകാരം ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുമെന്നു ഡോ.എ.രാമചന്ദ്രൻ പറഞ്ഞു.  കുഫോസ് റജിസ്ട്രാർ ഇൻ ചാർജ് ഡോ.ബി. മനോജ് കുമാർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ്, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ഡോ.കെ.വി.തോമസ്, കെ.കെ.രഘുരാജ്, ഫിഷറീസ് ഡീൻ ഡോ.റിജി ജോൺ, സ്കൂൾ ഓഫ് ഫിഷറി എൻവയൺമെന്റ് ഡയറക്ടർ ഡോ.സുഭാഷ് ചന്ദ്രൻ, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ. കെ.ദിനേഷ്,  പരിസ്ഥിതി ശാസ്ത്രഞ്ജരായ ഡോ.വി.എൻ.നായക്, ഡോ. ഡീവാ ഓസ്വിൻ സ്റ്റാൻലി, ഡോ.രഘുനന്ദന മേനോൻ, ഡോ.സി.എൻ.രവിശങ്കർ, ഡോ.രമേഷ് രാമചന്ദ്രൻ, ഡോ.കെ.കതിരേശൻ , ഡോ.അംബാ ശങ്കർ എന്നിവർ പ്രസംഗിച്ചു.