പരിസ്ഥിതി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വനനശീകരണം. ജൈവവൈവിധ്യത്തിന്‍റെ നാശം മുതല്‍ വരള്‍ച്ചയിലും, ആഗോളതാപനത്തിലും, വെള്ളപ്പൊക്കത്തിലും, പട്ടിണി മരണത്തിലും വരെ വനനശീകരണത്തിന്‍റെ പങ്ക് നിര്‍ണായകമാണ്. ഏറ്റവും വേഗത്തില്‍ വനനശീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് തെക്കു കിഴക്കനേഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സ്. 1990 ശേഷം രാജ്യത്തിന്‍റെ വനമേഖലയുടെ 32 ശതമാനമാണ് നഷ്ടമായത്. തെറ്റ് തിരിച്ചറിഞ്ഞ് രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാക്കാന്‍ ഭാവി തലമുറയുടെ തന്നെ സഹായം തേടുകയാണിപ്പോള്‍ രാജ്യം.

ബിരുദം വേണ്ടവര്‍ 10 മരം നടണം

നന്നായി ജീവിക്കാന്‍ മികച്ച വിദ്യാഭ്യാസവും പണവും മാത്രം മതിയെന്നു വിശ്വസിക്കുന്നവര്‍ക്ക് യാഥാർഥ്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഫിലിപ്പീന്‍സിലെ ഈ നിയമം. ലോകത്തിന്‍റെ തന്നെ ഭാവി സുരക്ഷിതമാക്കാന്‍ പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. ഈ നിയമത്തിലൂടെ 1750 ലക്ഷം മരങ്ങളെങ്കിലും ചുരുങ്ങിയത് ഓരോവർഷവും വച്ചുപിടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കാടുകള്‍ക്കും സംരക്ഷിത മേഖലയ്ക്കും പുറമെ പുറമ്പോക്കുകളിലും മുന്‍ ഖനനമേഖലകളിലുമെല്ലാം മരങ്ങൾ വച്ചുപിടിപ്പിക്കാനാണ് തീരുമാനം. 

ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയും സാമാജികനുമായ ഗാരി അലേജാനോവാണ് ഈ ആശയം ആദ്യം മുന്നോട്ടു വച്ചത്. ഗ്രാജുവേഷന്‍ ലെജസി ഫോര്‍ എന്‍വയോണ്‍മെന്‍റ് ആക്ട് എന്നാണ് ഈ നിയമത്തിന്‍റെ പേര്. ഫിലിപ്പീന്‍സ് പാര്‍ലമെന്‍റ് പാസ്സാക്കിയ ഈ നിയമം ഇപ്പോള്‍ സെനറ്റിന്‍റെ പരിഗണനയിലായിരുന്നു. ഭരണകക്ഷിക്ക് തന്നെ സെനറ്റിലും മുന്‍തൂക്കമുള്ളതിനാലും പ്രതിപക്ഷത്തിന്‍റെ സഹകരണം ഉറപ്പാണെന്നതിനാലും സെനറ്റിലും ബില്ല് മറ്റ് തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയി. കഴിഞ്ഞ ദിവസം ബിൽ പാസ്സാക്കി.

പരിസ്ഥിതി രംഗത്തെ ഇടപെടലുകള്‍

കുട്ടികളോട് മരം നടാന്‍ആവശ്യപ്പെടുന്നതിനു മുന്‍പ് തന്നെ ഫിലിപ്പീന്‍സ് അധികൃതര്‍ പരിസ്ഥിതി രംഗത്ത് ചില ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ഏതാണ്ട് ഒരു ദശാബ്ദക്കാലമായി രാജ്യത്തെ വനമേഖല വർധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 2015 മുതല്‍ വനമേഖല വർധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ വേഗതയില്‍ തൃപ്തിയില്ലാതെ വന്നതും ഭാവി തലമുറയെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരിക്കുക എന്ന ലക്ഷ്യവുമാണ് ബിരുദത്തിനായി 10 മരം എന്ന ആശയം നടപ്പാക്കാന്‍ കാരണം.

വിദ്യാര്‍ത്ഥികള്‍ നടുന്ന എല്ലാ മരങ്ങളും അതിജീവിക്കുമെന്ന് കരുതാനാകില്ലെങ്കിലും നടുന്ന മരങ്ങളുടെ 10 ശതമാനം തന്നെ രാജ്യത്തിന്‍റെ വനമേഖല ആരോഗ്യകരമായ നിലയിലെത്തിക്കാന്‍ പര്യാപ്തമാകും. ബിരുദം എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും ചെറു ക്ലാസുകളില്‍നിന്ന് ഹൈസ്കൂളിലേക്കെത്തുന്നതിനും, ഹൈസ്കൂള്‍ പാസ്സാകുന്നതിനുമെല്ലാം മുന്‍പായി കുട്ടികള്‍ 10 മരം വീതം നട്ടിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അതായത് യഥാർഥ ബിരുദം നേടുമ്പോഴേക്കും ഒരാള്‍ 30 മരം നട്ടിട്ടുണ്ടാകും എന്നു ചുരുക്കം.