പരിസ്ഥിതി ദിനമായ നാളെ  വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ 83 വ്യത്യസ്ത ഇനങ്ങളിൽപെട്ട 64 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 44.24 % ഫലവൃക്ഷങ്ങളും 10.55%  അലങ്കാരസസ്യങ്ങളും, 17.56%  തടികളായി ഉപയോഗിക്കാൻ പറ്റുന്നതും 15.79 %  ഔഷധസസ്യങ്ങളും 11.86% മണ്ണ്, ജലം, നദീ-കടൽത്തീര സംരക്ഷണത്തിനുള്ളതുമാണ് . വിവിധ ജില്ലകളിലെ 97 നഴ്‌സറികളിലായാണു വിതരണം.

വിവിധ സർക്കാർ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളിൽ ഒരു വർഷം പ്രായമുള്ള 3.2 ലക്ഷം വൃക്ഷത്തൈകളും നട്ടുപിടിപ്പിപ്പിക്കുന്നുണ്ട്. പൊന്നാനിയിലെ മാട്ടുമ്മലിൽ കായൽ തീരത്ത് 10,000 കണ്ടൽ തൈകളും  തീരപ്രദേശങ്ങളിൽ 14,000 കാറ്റാടി തൈകളും നടും. ഏഴിമല നാവിക അക്കാദമിയുടെ സ്ഥലത്ത് 30,000 കാറ്റാടി തൈകൾ നട്ടുപിടിപ്പിക്കും . 

സംസ്ഥാനതല പരിസ്ഥിതി ദിനാഘോഷം വൈകിട്ടു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ  വനംവകുപ്പ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷനാകും. ഇരുവരും വൃക്ഷത്തൈകൾ നടും. വായുമലിനീകരണം മുഖ്യവിഷയമാക്കിയാണ് ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിക്കുന്നതെന്നു കെ. രാജു അറിയിച്ചു. ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിന്റെ പ്രഖ്യാപനം, വനമിത്ര –പരിസ്ഥിതിമിത്രം, ജൈവവൈവിധ്യപരിപാലന– മാധ്യമ അവാർഡുകളുടെ വിതരണം എന്നിവ മുഖ്യമന്ത്രി നിർവഹിക്കും.

ഡോ. ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തും.രാവിലെ 7നു പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്നതിനു കായികതാരങ്ങളെ പങ്കെടുപ്പിച്ച് കനകക്കുന്നു മുതൽ വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനം വരെ ഗ്രീൻ റണ്ണും സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്‌ടറേറ്റിനു  കീഴിലുള്ള ഭൂമിത്ര സേന ക്ലബ്ബുകൾ സംസ്ഥാനമൊട്ടാകെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.