എല്ലാ വര്‍ഷവും വസന്തകാലത്തിനു ശേഷം ലക്ഷക്കണക്കിന് സമുദ്ര ജീവികളാണ് മെക്സിക്കന്‍ ഉള്‍ക്കടലില്‍ ചത്തുപൊങ്ങുന്നത്.  തിമിംഗലങ്ങളും സ്രാവുകളും ജെല്ലി ഫിഷുകളും കടല്‍ക്കുതിരകളും ഉള്‍പ്പടെയുള്ള ജീവികളുമായി സമ്പന്നമായ മെക്സിക്കോ ഉള്‍ക്കടലിന് ഈ സമ്പന്നത പതിയെ നഷ്ടപ്പെടുകയാണ്. ഇതിനു കാരണം എല്ലാ വസന്തകാലത്തിന്‍റെയും അവസാനം ഈ കടലിലേക്ക് ഒഴുകിയെത്തുന്ന കീടനാശിനിയുടെ അളവിലുണ്ടാകുന്ന വർധനവാണ്. 

മിസിസിപ്പി

യുഎസിനെ രണ്ടായി മുറിച്ചു കൊണ്ടു നെടുനീളത്തില്‍ വടക്കു നിന്ന് തെക്കോട്ട് ഒഴുകുന്ന നദിയാണ് മിസിസിപ്പി. യുഎസിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ 41 ശതമാനത്തിലെ വെള്ളവും എത്തിച്ചേരുന്നത് മിസിസിപ്പിയിലേക്കാണ്. കൂടാതെ മിസിസിപ്പി കടന്നു പോകുന്നത് യുഎസി ലെ ഏറ്റവും സമ്പന്നമായ കാര്‍ഷിഷ മേഖലയില്‍ കൂടിയാണ്. വെള്ളത്തിന്‍റെ അളവില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ നദിയെന്ന നിലയിലും വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ എത്തുന്ന ഫലപൂയിഷ്ഠമായ എക്കല്‍മണ്ണുമാണ് ഈ നദീതിരത്ത് ഇത്രയധികം കൃഷി വർധിക്കാന്‍ കാരണമായത്. 

ഇങ്ങനെ രാജ്യത്തെ പകുതിയോളം ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും വെള്ളം സ്വീകരിച്ച് ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ ഒഴുകിയെത്തുന്ന മിസിസിപ്പി അവിടെ നിക്ഷേപിക്കുന്ന ജലവും പ്രകൃതിദത്തമായ വസ്തുക്കളും മാത്രമല്ല. മിസിസിപ്പി തീരത്ത് കൃഷി വന്‍തോതില്‍ വർധിച്ചതിനു വില കൊടുക്കേണ്ടി വന്നത് ഗള്‍ഫ് ഓഫ് മെക്സിക്കോയിലെ കടല്‍ ജീവികളാണ്. കാരണം കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ അതീവ മാരകമായ തോതിലാണ് മിസിസിപ്പി നദിയിലൂടെ മെക്സിക്കന്‍ ഉള്‍ക്കടലിലേക്കെത്തുന്നത്. 

ഗള്‍ഫ് ഓഫ് മെക്സിക്കോ

മെക്സിക്കന്‍ ഉള്‍ക്കടലിൽ വസന്തകാലത്തുണ്ടാകുന്ന ഈ ജീവികളുടെ കൂട്ടമരണം ശ്രദ്ധയില്‍ പെട്ടിട്ട് വര്‍ഷങ്ങളായി. പക്ഷേ ഇതുവരെ മിസിസിപ്പിയിലൂടെ ഒഴുകിയെത്തുന്ന കീടനാശിനിയുടെ അളവില്‍ വർധനവ് രേഖപ്പെടുത്തുന്നതല്ലാതെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഓരോ വര്‍ഷവും മെക്സിക്കന്‍ ഉള്‍ക്കടലിലെ നിര്‍ജീവ മേഖലയുടെ വ്യാപ്തി വർധിച്ചു വരികയാണ്. ഇപ്പോള്‍ ഈ നിര്‍ജീവ മേഖലയുടെ അളവ് ഏതാണ്ട് 3360 ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണു കണക്കാക്കുന്നത്.

1985 ലാണ് ഈ മേഖലയിലെ കീടനാശിനിയുടെ അളവെടുക്കാന്‍ ഗവേഷകര്‍ ആരംഭിച്ചത്. കീടനാശിനിയുടെ വ്യാപനവും ഇതുമൂലം ജീവികള്‍ ചത്തുപൊങ്ങുന്ന പ്രദേശങ്ങളുമാണ് ഗവേഷകര്‍ പരിശോധിക്കുക. എല്ലാ വര്‍ഷവും ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പതിവായതോടെ   മിസിസിപ്പി നദീമുഖത്തോടു ചേര്‍ന്നുള്ള മേഖലയില്‍ ഒരു തരത്തിലുള്ള ജീവന്‍റെ സാന്നിധ്യം പോലും ഇപ്പോള്‍ ഇല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ധാതുക്കളും പോഷകങ്ങളും ധാരാളമായി എത്തുന്നതിനാല്‍ സാധാരണവും ഏറ്റവും അധികം ജീവന്‍റെ സാന്നിധ്യം കാണപ്പെടുന്ന പ്രദേശമാണ് നദീമുഖങ്ങള്‍ അഥവാ നദി കടലിനോട് ചേരുന്നു പ്രദേശം.

ഹൈപോക്സിയ

ഹൈപോക്സിയ എന്നു വിളിക്കുന്ന പ്രതിഭാസം പ്രകൃതിയില്‍ പലയിടങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നതാണ്. ഒരു തരത്തിലുള്ള ജീവന്‍റെ സാന്നിധ്യവും ഇല്ലാതെ ഒരു പ്രദേശം നിര്‍ജീവമായി പോകുന്നതിനെയാണ് ഹൈപോക്സിയ എന്നു വിളിക്കുന്നത്. പക്ഷേ മെക്സിക്കന്‍ ഉള്‍ക്കടലിലെ മിസിസിപ്പി നദീമുഖത്തെ ഈ നിര്‍ജീവ അവസ്ഥ ആശങ്കപ്പെടുത്തുന്നത് അത് മനുഷ്യ നിര്‍മിതമായതുകൊണ്ടാണ്. കൂടാതെ ഓരോ വര്‍ഷവും ഈ നിര്‍ജീവ മേഖല വ്യാപിക്കുന്നുവെന്നതും പ്രദേശത്തെ ആവാസവ്യവസ്ഥക്ക് വലിയ ഭീഷണി ഉളവാക്കുന്ന ഒന്നാണ്. 

വസന്തകാലത്തിന്‍റെ സമയത്തു മാത്രമാണ കീടനാശിനി അപകടകരമായ തോതില്‍ മിസിസിപ്പിയിലേക്കെത്തുന്നത്. പക്ഷേ ഇത് സൃഷ്ടിക്കുന്ന മലിനീകരണവും ഓക്സിജന്‍ ദൗര്‍ലഭ്യവും മൂലം, ഷ്രിമ്പുകളും ചെറുമത്സ്യങ്ങളും ഉള്‍പ്പെടെ ഭക്ഷ്യശൃംഖലയിലെ ഒരുകണ്ണി ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമാകുകയാണു ചെയ്യുന്നത്. ഭക്ഷ്യശൃംഖല മുറിയുന്നതോടെ മേഖലയിലെ ആവാസവ്യവസ്ഥ ആകെ താളം തെറ്റുന്നു എന്നും ഗവേഷകര്‍ പറയുന്നു. ഇതോടെ മറ്റ് ജീവികള്‍ ഇവിടെ നിന്ന് അപ്രത്യക്ഷമാകുകയാണ്. ജീവികളുടെ ഈ വിട്ടു നില്‍ക്കല്‍ വര്‍ഷം മുഴുവന്‍ സംഭവിക്കുന്നതോടെയാണ് ഒരു പ്രദേശം നിര്‍ജീവ മേഖലയായി വിലയിരുത്തുന്നത്.