ബഹമാസില്‍ സ്രാവുകളുടെ ആക്രമണത്തിനിരയായ യുവതിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കലിഫോര്‍ണിയ സ്വദേശിയായ ജോര്‍ദാന്‍ ലിന്‍ഡ്സേയാണ് സ്രാവുകളുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട യുവതി. റോസ് ദ്വീപിന് സമീപം സ്നോര്‍ക്കെലിങ് നടത്തുന്നതിനിടെയാണ് സ്രാവുകള്‍ യുവതിയെ അക്രമിച്ചത്.

കടലിൽ നീന്തുന്നതിനിടയിൽ കുതിച്ചെത്തിയ സ്രാവുകൾ യുവതിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. കാലിലും കൈയിലും പിൻഭാഗത്തും സ്രാവുകൾ കടിച്ചുവലിച്ചു. ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്നോര്‍ക്കെലിങിനിടെ സ്രാവുകള്‍ വരുന്നത് കണ്ട് തീരത്തുനിന്ന കുടുംബാംഗങ്ങള്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും ലിന്‍ഡ്സേ ഇത് കേട്ടിരുന്നില്ല. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവതിയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് ബഹാമാസ് ടൂറിസം മന്ത്രാലയയം വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ഈ മാസം ആദ്യം അറ്റ്‌ലാന്റിക് ബീച്ചില്‍ വച്ച് പേഗി വിന്റര്‍ എന്ന 17കാരിയെ സ്രാവ് ആക്രമിച്ചിരുന്നു. ബീച്ചില്‍ നീന്തുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടന്ന് സ്രാവിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞതോടെ പെണ്‍കുട്ടിയുടെ പിതാവ് കടലിലേക്ക് എടുത്തു ചാടി സ്രാവിനെ സാഹസികമായി നേരിട്ട് മകളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.