നെയ്യാർ ലയൺ സഫാരി പാർക്കിലേക്ക് ഒരു ജോഡി സിംഹങ്ങളെ ഗുജറാത്ത് സക്കർബഗ് മൃഗശാലയിൽ നിന്നും കൈമാറാൻ ധാരണയായി. സൂ അതോറിറ്റി ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. സിംഹങ്ങൾക്കു പകരം ഇവിടെ നിന്ന് രണ്ട് മലയണ്ണാനുകളെ അവിടേക്ക് കൈമാറാനാണ് തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥർ മലയണ്ണാനുകളുമായി ഉടൻ ഗുജറാത്തിലേക്ക് തിരിക്കും.

ഇപ്പോൾ നെയ്യാർ പാർക്കിൽ അവശേഷിക്കുന്നത് വയസ്സായ ഒരു പെൺ സിംഹം മാത്രമാണ്.1984  മരക്കുന്നത്ത് ലയൺ സഫാരി പാർക്ക് ആരംഭിച്ചത് 4 സിംഹങ്ങളുമായാണ്. വർഷങ്ങൾ പിന്നിട്ടതോടെ ഇവയുടെ എണ്ണം പെരുകി 17 ലെത്തി. ഇതോടൊപ്പം സംരക്ഷണ ചെലവും വർധിച്ചു. ഇതിനു പരിഹാരമായി അധികൃതർ നിർദേശിച്ചത് സിംഹങ്ങളുടെ വംശവർധനവ് തടയാനുള്ള മാർഗമാണ്. 

അതിന്റെ ഭാഗമായി അവിടെയുള്ള ആൺ സിംഹങ്ങളെ വധ്യകരണത്തിന് വിധേയമാക്കി. പിന്നീട് ഇവിടെ സിംഹക്കുട്ടികൾ പിറന്നില്ല. വർഷങ്ങൾ കഴിഞ്ഞതോടെ പ്രായാധിക്യം മൂലവും മറ്റും സിംഹങ്ങൾ ചാകാൻ തുടങ്ങി. പിന്നീടവശേഷിച്ച സിംഹങ്ങളിൽ മൂന്നെണ്ണം വാർധക്യം ബാധിച്ചവയായിരുന്നു.ഇതിൽ രണ്ടെണ്ണം കഴിഞ്ഞ വർഷം ചത്തു. 19 വയസ്സായിരുന്നു ഇവയുടെ പ്രായം. 17വയസ്സുള്ള ഒരു സിംഹം മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിനു കൂട്ടായായാണ് രണ്ട് സിംഹങ്ങളെത്തുന്നത്.