മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ ലോറിയിടിച്ച് പരുക്കേറ്റ് അവശ നിലയിലാവുകയും പിന്നീട് ചികിത്സ നൽകി കാട്ടിൽ വിടുകയും ചെയ്ത കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ വാച്ചര്‍മാരായ ഗോപാലന്‍, ചന്ദ്രന്‍ എന്നിവരാണ് ആനയുടെ ജഡം കണ്ടത്. പൊന്‍കുഴിയില്‍ നിന്ന് 1 കിലോമീറ്റര്‍ വനത്തിനുള്ളിലായി കൗണ്ടന്‍വയല്‍ എന്ന വനമേഖലയിലാണ് ജഡം കിടന്നത്.

സ്ഥലത്ത് ആനക്കൂട്ടങ്ങള്‍ ഉള്ളതിനാലും സമയം രാത്രിയായതിനാലും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നു രാവിലെയേ നടക്കുകയുള്ളുവെന്ന് വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പദവി വഹിക്കുന്ന അജിത്.കെ.രാമന്‍ പറഞ്ഞു. 25 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ആന്തരിക രക്തസ്രാവവും വാലിയെല്ലുകള്‍ ഒടിഞ്ഞതുമാകാം മരണകാരണം എന്നു കരുതുന്നു.

ദേശീയപാത 766 ൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാനയെ മൈസൂരുവിൽ നിന്ന്  ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറി ഇടിച്ചിട്ടത്.

ഇടിയുടെ ആഘാതത്തിൽ ഒരു മണിക്കൂറോളം ആന റോഡിൽ കിടന്നു. പിന്നീട് അവശ നിലയില്‍ കാട്ടില്‍ മേയുകയായിരുന്ന ആനയെ മയക്കുവെടി വച്ച് പിടികൂടി ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി കാട്ടില്‍ വിട്ടിരുന്നു. 50 ശതമാനം സാധ്യത മാത്രമാണ് ആനയെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞിരുന്നത്.ആനയുടെ വലതു മുൻഭാഗത്തെ തോളെല്ലിനും വാരിയെല്ലിനുമാണ്  പൊട്ടലേറ്റിരുന്നത്. ആനയെ ഇടിച്ചിട്ട ലോറിയുടെ ഡ്രൈവർ കോഴിക്കോട് സ്വദേശി ഷമീജി(30)നെ അറസ്റ്റു ചെയ്തിരുന്നു.