കൊച്ചി∙ഒരു പാലം, അത് തകര്‍ന്നു കിടക്കുകയാണ് എന്നറിയാതെ അതിലേക്ക് ഒരു വാഹനം ഓടിക്കയറുകയാണെന്നും നമ്മളെല്ലാം അതിലെ യാത്രക്കാരാണെന്നും മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍. ജീവിക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തിയാണ് ഇന്ന് മനുഷ്യനെ നയിക്കുന്നത്. മൂലധനവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഏതറ്റം വരെയും പോകാമെന്നാണ് മനുഷ്യന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഗ്രീന്‍സ്റ്റോം ഫൗണ്ടഷന്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുഎന്‍ഇപിയുമായി സഹകരിച്ച് വര്‍ഷം തോറും നടത്തിവരുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ പതിനൊന്നാമത് പതിപ്പിന്റെ വെബ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

ബ്രെത് ഓഫ് നേച്വര്‍ എന്നതാണ് ഇത്തവണത്തെ ഗ്രീന്‍സ്റ്റോം നേച്വര്‍ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച 5300-ലേറെ എന്‍ട്രികളില്‍ നിന്ന് 30 ചിത്രങ്ങളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിനു ശേഷം ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിരിക്കുന്നത്. ഫൈനലില്‍ മാറ്റുരയ്ക്കുന്ന 30 ചിത്രങ്ങളും www.greenstorm.green എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ വോട്ടിന്റെയും മൂന്ന് പ്രഗല്‍ഭരുള്‍പ്പെട്ട ജൂറിയുടെ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപ, 30,000 രൂപ, 20,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ജൂലൈ 30 വരെയാണ് സന്ദര്‍ശകര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കുക.

ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ദിലീപ് നാരായണന്‍ അവതരണ പ്രഭാഷണം നടത്തി. ജൂറി അംഗം ആര്‍ക്കിടെക്റ്റ് ലതാ വേണുഗോപാല്‍ ചിത്രങ്ങൾ വിലയിരുത്തി സംസാരിച്ചു. തെരഞ്ഞെടുത്ത ചിത്രങ്ങളുടെ അവതരണവും ചടങ്ങില്‍ നടന്നു.