കാലവർഷം ഇനിയും കനിയാത്ത മുംബൈിലെ മറാഠ്‌വാഡ മേഖലയിൽ അടിയന്തരമായി കൃത്രിമമഴ പരീക്ഷിക്കാൻ സംസ്ഥാന സർക്കാർ നീക്കം. 30 കോടി രൂപ ചെലവുള്ള പദ്ധതി ഒന്നോ രണ്ടോ ആഴ്ചയ്ക്കകം നടപ്പാക്കാൻ സർക്കാർ അനുമതി നൽകി.കാലവർഷം എത്തിയിട്ടും മറാഠ്‌വാഡ മേഖല വരൾച്ചയിൽ തുടരുന്നതിനാലാണ് ഈ നടപടി. സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ കനത്ത മഴ ലഭിച്ചെങ്കിലും മറാഠ്‌വാഡയിൽ മഴ കുറവാണ്.

മേഖലയിലെ അണക്കെട്ടുകളിലെ ജലശേഖരം ആകെ സംഭരണശേഷിയുടെ 0.8% എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേസമയം 13.7% ഉണ്ടായിരുന്ന സ്ഥാനത്താണിത്. 3,800 ഗ്രാമങ്ങളാണ് മേഖലയിൽ വരൾച്ച നേരിടുന്നത്. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മറാഠ്‌വാഡ മേഖലയിലെ ശുദ്ധജല വിതരണ ടാങ്കറുകളുടെ എണ്ണം കൂട്ടി.  2,191 ടാങ്കറുകളാണ് ഇപ്പോൾ ജലം എത്തിക്കുന്നത്. നേരത്തെ ഇത് 1,684 ആയിരുന്നു.

മുംബൈ, കൊങ്കൺ, ഉത്തര മഹാരാഷ്ട്ര, പശ്ചിമ മഹാരാഷ്ട്ര മേഖലകളിൽ പ്രതീക്ഷിച്ചതിലേറെ മഴ ലഭിച്ചെങ്കിലും ഈ ഭാഗ്യം മറാഠ്‌വാഡ നിവാസികൾക്ക് ഉണ്ടായില്ല. കൊങ്കൺ മേഖലയിലെ അണക്കെട്ടുകളിൽ ഇപ്പോൾ സംഭരണശേഷിയുടെ 53.83% വെള്ളമുണ്ട്. ഉത്തര മഹാരാഷ്ട്രയിലെ നാസിക് ഡിവിഷനിലെ അണക്കെട്ടുകളിൽ 15.72 ശതമാനവും പുണെ ഡിവിഷനിൽ 32.33 ശതമാനവും ജലമുണ്ട്.