തിരുവനന്തപുരം പുതുക്കുറിച്ചി  ബീച്ചിൽ അടിഞ്ഞതു കൊലയാളിത്തിമിംഗലത്തിന്റെ ജ‍‍‍ഡമാണെന്നു തിരിച്ചറിഞ്ഞു. തീരത്തടിഞ്ഞ ജീവിയുടെ ചിത്രങ്ങൾ പരിശോധിച്ച കടൽ സസ്തനി വിദഗ്ധ ഡോ. ദിപാനി സുതാരിയ, കേരള സർവകലാശാലയുടെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ. ബിജു കുമാർ എന്നിവർ ഇതു കൊലയാളിത്തിമിംഗലം ആണെന്നു തിരിച്ചറിഞ്ഞു. ആദ്യമായാണു കൊലയാളിത്തിമിംഗലം കേരള തീരത്ത് അടിയുന്നത്.

ഇവയുടെ സാന്നിധ്യം ഇന്ത്യയുടെ മറ്റു തെക്കൻ സംസ്ഥാനങ്ങളിലും ചില കിഴക്കൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിലെ തീരക്കടലിലും രേഖപ്പെടുത്തിയിട്ടുണ്ട്.  കടലിൽ മറ്റു വലിയ ജീവികളായ ഡോൾഫിനുകൾ, സ്രാവുകൾ എന്നിവയെ കൊന്നു തിന്നുന്നതിനാലാണ് ഇവയ്ക്ക് പ്രാചീനസമുദ യാത്രികർ/മത്സ്യത്തൊഴിലാളികൾ കൊലയാളിത്തിമിംഗലം എന്ന പേരു നൽകിയത്. എന്നാൽ പല്ലുള്ള തിമിംഗലങ്ങൾ ആയ ഇവ ഡോൾഫിൻ കുടുംബത്തിലെ ഏറ്റവും വലിയ കടൽ ജീവിയാണ്.

ഇതോടെ കേരളത്തിൽ നിന്നു കണ്ടെത്തുന്ന കടൽ സസ്തനികളുടെ എണ്ണം 13 ആയി. കടലിലെ ഏറ്റവും വലിയ ഇരപിടിയന്മാരിൽ ഒന്നായ കൊലയാളിത്തിമിംഗലത്തിന്റെ കേരളത്തിലെ സാന്നിധ്യം അറബിക്കടലിലെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കാനും ഇവയുടെ ദേശാടനക്രമങ്ങൾ തിരിച്ചറിയാനും ഒക്കെയായി പലകാരണങ്ങളാൽ പഠനവിഷയം ആക്കേണ്ടതാണ്.  തിരുവനന്തപുരത്ത് അടിഞ്ഞത് 12 അടി നീളവും 3 ടൺ ഭാരവും ഉള്ള ആൺ തിമിംഗലം ആണ്. 

കൂർത്തുവളഞ്ഞ 12 ജോഡി പല്ലുകൾ

ഉരുണ്ടു നീണ്ട ശരീരവും സ്പഷ്ടമല്ലാത്ത ചെറിയ കൊക്കും ഉയർന്ന മുതുകുചിറകും വലിയ വീതികൂടിയ മുൻകൈകളും (ഫ്ലിപ്പറുകൾ) ഇവയുടെ സവിശേഷതകളാണ്. സാധാരണ മേൽവശം തിളങ്ങുന്ന കറുപ്പും ഇടയ്ക്ക് വെള്ളനിറവും ഇവയുടെ പ്രത്യേകതകൾ ആണ് എങ്കിലും തിരുവനന്തപുരത്ത് അടിഞ്ഞജീവി ജീർണിച്ചുതുടങ്ങിയിരുന്നതിനാൽ നിറംകൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ വായ്ക്കുള്ളിലെ ഉറച്ച കൂർത്തുവളഞ്ഞ 12 ജോഡി പല്ലുകൾ ഇവയെ വേർതിരിച്ചറിയാൻ സഹായകമായി.

തീരത്തടിയുന്ന കടൽ സസ്തനികളുടെ മാംസ സാംപിളുകൾ, അളവ്, അസ്ഥികൂടം എന്നിവ ശേഖരിക്കുക വഴി പുതിയ ജനിതക മാപ്പിങ് സംവിധാനം ഉപയോഗിച്ച് ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിൽ പ്രത്യേക താൽപര്യവും കേരളത്തിൽ തീരക്കടലിൽ കാണുന്ന സസ്തനികളുടെ നിരീക്ഷണവും കണക്കെടുപ്പും ഉറപ്പുവരുത്താൻ ഒരു പ്രത്യേക സംവിധാനവും വനം-വന്യജീവി വകുപ്പു നടപ്പാക്കണമെന്നു ഡോ.  ബിജുകുമാർ ആവശ്യപ്പെട്ടു.