മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ അണക്കെട്ടുകൾ പകുതിയിലേറെ നിറഞ്ഞിട്ടും തുള്ളി പോലും നിറയാതെ മറാഠ്‍വാഡയിലെ അണക്കെട്ടുകൾ. സംസ്ഥാനത്തെ 3267 അണക്കെട്ടുകളിൽ ശരാശരി 58.03% ജലം നിറഞ്ഞു കഴിഞ്ഞു. ഇത് കഴിഞ്ഞ വർഷം ഈ സമയം ഉണ്ടായിരുന്ന ജല ശേഖരത്തെക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷത്തെ ജലശേഖരം 52.16% ആയിരുന്നു.

എന്നാൽ, മറാഠ്‍വാഡയിലെ ബീഡ്, ഹിംഗോളി, ഉസ്മാനാബാദ്, പർഭണി എന്നിവിടങ്ങളിലെ അണക്കെട്ടുകളിൽ പലതിലും പേരിനു പോലും വെള്ളം നിറഞ്ഞിട്ടില്ല. മഞ്ജാര, മജൽഗാവ്, യേൽധാരി, സിദ്ധേശ്വർ, ലോവർ തേർണ, സിന കോലെഗാവ്, ലോവർ ദൂധ്ന എന്നിവയാണത്. വിദർഭ ഗഡ്ചിരോളിയിലെ ദിന അണക്കെട്ട്, ബുൽഡാണയിലെ ഖഡക്പൂർണ അണക്കെട്ട് എന്നിവയിലും വെളളം അശേഷമില്ല.