പാലക്കാട് ജില്ലയിൽ 324.62 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ളതെന്നു നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠന റിപ്പോർട്ട്. സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയാണു പാലക്കാട്. മണ്ണാർക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളുള്ളത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ വില്ലേജ് അടിസ്ഥാനത്തിൽ തരംതിരിച്ചു ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഈ പ്രദേശങ്ങളിലുള്ളവർ കനത്ത മഴയുള്ള ഘട്ടങ്ങളിൽ സൂക്ഷിക്കണം.

അതീവ ദുർബലമായി പരിഗണിക്കപ്പെടുന്ന പ്രദേശങ്ങൾ താമസയോഗ്യമല്ല. ജില്ലയിലെ ചിലയിടങ്ങൾ മണ്ണു പിളരുന്ന (സോയിൽ പൈപിങ്) ഭാഗങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നു ജില്ലാ ജിയോളജിസ്റ്റ് ഡോ.എസ്. സൂരജ് അറിയിച്ചു. സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യയുള്ള പ്രദേശങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്. 388.32 സ്ക്വയർ കിലോമീറ്റർ. മൂന്നാം സ്ഥാനം വയനാടിനാണ്. ഇവിടെ 202.56 സ്ക്വയർ കിലോമീറ്റർ പ്രദേശത്താണ് ഉരുൾപൊട്ടൽ സാധ്യത. ഇപ്പോൾ ഉരുൾ പൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ചു ജിയോളജി വകുപ്പ് തയാറാക്കുന്ന റിപ്പോർട്ട് ജില്ലാ കലക്ടർക്കു സമർപ്പിക്കും. കലക്ടർ ഇതു ജിയോളജി സർവേ ഓഫ് ഇന്ത്യക്കു കൈമാറും.