മനുഷ്യന്റെ ക്രൂരത അതിന്റെ എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ളതാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ. ഓഗസ്റ്റ് 30 മുതൽ പ്രാദേശികമായി പ്രചരിക്കുന്ന ഈ വിഡിയോ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. 

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാൻ വിഭാഗത്തിൽ പെട്ട ഒരു ജീവിയെ ജീവനോടെ കുഴിച്ചുമൂടുന്ന രംഗങ്ങളാണ് ദൃശ്യത്തിലുള്ളത്. പരുക്കേറ്റ നില്‍ഗായി മൃഗത്തെയാണ് വലിയ കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ തന്നെ മണ്ണിട്ടു മൂടിയത്.സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നിൽഗായ് മൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇൗ കൊടുംക്രൂരത. 2016 മുതൽ കൃഷിയിടങ്ങളിലിറങ്ങുന്ന നിൽഗായ് കൊല്ലാനുള്ള അധികാരം കൃഷിക്കാർക്ക് നൽകിയിരുന്നതായി ഫോറസ്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഒരു ജീവിയെ ജീവനോടെ കുഴിച്ചുമൂടുകയെന്നത് നീതിക്ക് നിരക്കാത്ത കാര്യമാണെന്നും ഇവർ വ്യക്തമാക്കി.

ഇതുവരെ ഏകദേശം 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ചും അല്ലാതെയും കൊന്നതായി ഫോറസ്റ്റ് വിഭാഗം വ്യക്തമാക്കി. വൻരോഷമാണ് ഇതിനെതിരെ ഉയരുന്നത്. വെടിയുണ്ട തുളച്ചുകയറി പരുക്കേറ്റ് അനങ്ങാൻ പോലുമാകാതെ കിടന്ന നിൽഗായ് മൃഗത്തെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ കുഴിച്ചുമൂടിയത്.