ഇന്തോനീഷ്യയിലെ ജാംമ്പി പ്രവിശ്യയിലാണ് ഒരാഴ്ചയിലേറെയായി ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.  സമൂഹമാധ്യമങ്ങളിൽ പടരുന്ന ഈ ദൃശ്യങ്ങൾക്കു കാരണം ഇന്തോനീഷ്യയിലെ തീയിടലാണ്. എല്ലാ വർഷവും ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കുന്നത് പതിവാണ്. ഇതുമൂലം പ്രദേശത്ത് കടുത്ത പുകയും മൂടൽ മഞ്ഞും ബാധിക്കും.

നട്ടുച്ചയ്ക്ക് പോലും ഇവിടെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ചുവന്നു തുടുത്തു കാണപ്പെടുന്ന ഈ പ്രദേശം ഭൂമിയാണ് അല്ലാതെ ചൊവ്വാ ഗ്രഹമല്ല. എന്ന അടിക്കുറിപ്പോടെയാണ്  സൂനി ഷോഫി യാതൂൻ നിസാ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഞങ്ങൾക്ക് വേണ്ടത് ശുദ്ധവായുവാണ് അല്ലാതെ പൊടിപടലങ്ങളല്ല എന്നും ഇവർ കുറിച്ചു.

അന്തരീക്ഷം ഇങ്ങനെ ചുവന്ന നിറത്തിൽ കാണപ്പെടാൻ കാരണം  റെയ്‌ലേ സ്കാറ്ററിങ് എന്ന പ്രതിഭാസമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസിലെ അസോസിയേറ്റ് പ്രഫസറായ കോ തേ യങ് വ്യക്തമാക്കി.അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡൽഹിയിലും ഹരിയാനയിലും പഞ്ചാബിലുമൊക്കെ പാടശേഖരങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന സ്മോഗിനു സമാനമായ പ്രതിഭാസമാണിത്. രാജ്യത്തെ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇന്തോനീഷ്യയിൽ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാൻ കൂട്ടുനിൽക്കുന്നത്.