ഇത്തവണ കാലവർഷം പിൻവാങ്ങുന്നതു വളരെ വൈകി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷം പിൻവാങ്ങാൻ ഏറ്റവും വൈകുന്നത് ഇത്തവണയാണ്. ഇതിനു മുൻപു കാലവർഷം ഏറ്റവും വൈകി പിൻവാങ്ങാൻ തുടങ്ങിയത് 1961ൽ ആണ്. അന്ന് ഒക്ടോബർ 1ന് ആണ് പിൻവാങ്ങൽ തുടങ്ങിയത്. ഇത്തവണ അത് ഒക്ടോബർ ഒൻപതായി. 2018ൽ സെപ്റ്റംബർ 29നും 2017ൽ സെപ്റ്റംബർ 27നും ആണ് കാലവർഷം പിൻവാങ്ങാൻ ആരംഭിച്ചത്.

വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചു. ഹരിയാന, പഞ്ചാബിന്റെ ചില ഭാഗങ്ങൾ, രാജസ്ഥാന്റെ വടക്ക് ഭാഗം എന്നീ പ്രദേശങ്ങളിൽ നിന്നാണ് ആദ്യം പിൻവാങ്ങിയത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ വടക്ക് പടിഞ്ഞാറ് ഇന്ത്യയുടെ ബാക്കി പ്രദേശങ്ങളിൽ നിന്നും മധ്യ ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ സാധ്യതയുണ്ട്. അതേ സമയം ദക്ഷിണേന്ത്യയിൽ ഇടിയോടു കൂടിയ മഴ  രണ്ടു ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്.

പിൻവാങ്ങാൻ തുടങ്ങിയത് വൈകിയാണെങ്കിലും പൂർത്തിയാക്കാൻ അധികം കാലതാമസം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. കാലവർഷം പൂർണമായി പിൻവാങ്ങാൻ ഒരു മാസത്തോളം എടുക്കാറുണ്ട്. സാധാരണ സെപ്റ്റംബർ 15ന് പിൻവാങ്ങൽ ആരംഭിച്ച് ഒക്ടോബർ പകുതിയോടെ പൂർത്തിയാകും. കാലവർഷം പോകാൻ വൈകിയെങ്കിലും തുലാവർഷം സമയത്തു തന്നെ എത്തിയേക്കുമെന്നാന്നു പ്രതീക്ഷയെന്ന് കാലാവസ്ഥാ ഗവേഷകനായ രാജീവൻ എരിക്കുളം പറഞ്ഞു. ഈ മാസം പതിനഞ്ചോടെയാണ് തുലാവർഷത്തിന്റെ വരവ് പ്രതീക്ഷിക്കുന്നത്.