തമിഴ്നാട്ടിൽ വടക്കു കിഴക്കൻ മൺസൂർ ആരംഭിച്ചതായി കാലാവസ്ഥാ കേന്ദ്രം. പ്രതീക്ഷിച്ചതിലും 2 ദിവസം മുൻപു മഴ ആരംഭിച്ചതായും വരും ദിവസങ്ങളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും പരക്കെ മഴ ലഭിക്കുമെന്നും ചെന്നൈയിലെ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്.ബാലചന്ദ്രൻ പറഞ്ഞു. നാളെ മുതൽ മഴ ആരംഭിക്കുമെന്നാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു. ഇത്തവണ 44 സെന്റീമീറ്റർ മഴയാണു പ്രതീക്ഷിക്കുന്നതെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു സാധ്യതയില്ല. എന്നാൽ സംസ്ഥാനത്തു പരക്കെ മഴ ലഭിക്കും. തമിഴ്നാട്ടിൽ 48 ശതമാനം മഴയും ലഭിക്കുന്നതു വടക്കു കിഴക്കൻ മൺസൂണിലാണ്. കേരളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലും മഴയുണ്ടാകും. ചെന്നൈയിൽ ആകാശം മേഘാവൃതമായിരിക്കും.  അടുത്ത 2 ദിവസം ഇടവിട്ട മഴയ്ക്കു സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഇന്നും നാളെയും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇത്തവണ മഴയിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

കൂടുതൽ മഴതിരുവള്ളൂരിൽ

കഴിഞ്ഞ 24മണിക്കൂറിൽ തിരുവള്ളൂർ ജില്ലയിലെ പൂനമല്ലിയിലാണു കൂടുതൽ മഴ രേഖപ്പെടുത്തിയത് (11 സെ.മീ), രാമനാഥപുരത്തെ പാമ്പനിലും കനത്ത മഴ രേഖപ്പെടുത്തി (10 സെ.മീ). ചെന്നൈയിൽ പലയിടത്തും ഇന്നലെ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. സെയ്ദാപെട്ട്, ഇക്കാട്ടുതാങ്കൾ, പട്ടിണപ്പാക്കം, ചെപ്പോക്ക്, ട്രിപ്ലിക്കേൻ  എന്നിവിടങ്ങളിൽ  മഴ ലഭിച്ചു. പലയിടത്തും റോഡിൽ വെള്ളക്കെട്ടുണ്ടായി. കാഞ്ചീപുരം ജില്ലയിലും പരക്കെ മഴ ലഭിച്ചു. നീലഗിരി ജില്ലയിലെ കൂനൂർ, കൊത്തഗിരി എന്നിവിടങ്ങളിലും മഴ ലഭിച്ചു. 20ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴ ലഭിച്ച പുതുക്കോട്ട ജില്ലയിൽ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

മുന്നൊരുക്കങ്ങൾ വേഗത്തിൽ

മൺസൂൺ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ സർക്കാർ നടപടി തുടങ്ങി. മഴക്കാല  ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മഴക്കെടുതി നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങളുടെ സഹകരണവും ഉണ്ടാവും. മഴക്കെടുതികൾ വിലയിരുത്തുന്ന ചുമതലയും പ്രത്യേക ഉദ്യോഗസ്ഥർ നിർവഹിക്കും. വാട്ടർ അതോറിറ്റി, വൈദ്യുതി വകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ ഏകോപിപ്പിക്കും. അഴുക്കു ചാൽ ശുചീകരണം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും വേഗത്തിലാക്കും.

കനത്ത മഴയ്ക്ക് സാധ്യത

കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, കാവേരി തീരങ്ങൾ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയുണ്ടാകാം.