കേരളത്തിൽ കനത്ത മഴ തുടരുന്നു. അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ന്യൂനമർദമാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്. 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തിൽ കനത്ത തുലാമഴ പ്രതീക്ഷിക്കാം. ഇതിനിടെ, ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സർക്കുലേഷൻ) പിന്നാലെ തമിഴ്നാട്–ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമർദം.

ഇത് 23നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്കു കടക്കുമെന്നുമാണ് വിലയിരുത്തൽ. കിഴക്കും പടിഞ്ഞാറും രൂപം കൊള്ളുന്ന ന്യൂനമർദം കേരളത്തിൽ കനത്ത മഴയ്ക്കു വഴിയൊരുക്കും. ന്യൂനമർദം ശക്തിപ്പെട്ടാൽ ചുഴലിക്കാറ്റായേക്കാം. ഇതിനു ശേഷം ശ്രീലങ്കയ്‌ക്കും കന്യാകുമാരിക്കും ഇടയിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെട്ട് വീണ്ടും ശക്‌തമായ മഴയ്‌ക്കു കളമൊരുക്കുമെന്ന് യുഎസിലെയും ജപ്പാനിലെയും കാലാവസ്‌ഥാ ഏജൻസികൾ പറയുന്നു. ഒക്‌ടോബർ അവസാന വാരത്തിലാവും ഇത് കനത്ത മഴയുമായി കേരളത്തെ പൊതിയുക. ഈ വർഷം തുലാമഴ നീളാനാണ് സാധ്യത.

10 ദിവസം ശക്തമായ മഴ

കേരളത്തിൽ അടുത്ത 10 ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.

ഒക്‌ടോബർ 1 മുതൽ ഇന്നലെ വരെയുള്ള തുലാമഴക്കാലത്ത് സംസ്‌ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചിരിക്കുകയാണ്. 20 സെ.മീ. ലഭിക്കേണ്ട സ്‌ഥാനത്ത് 24 സെ.മീ. മഴ ലഭിച്ചുകഴിഞ്ഞു. കാലവർഷം 12 ശതമാനം അധികമാണ്.  സംസ്‌ഥാനത്തെ മിക്ക അണക്കെട്ടുകളിലും നിലവിൽ 70 മുതൽ 90 ശതമാനം വരെ വെള്ളമുണ്ട്. ഇടുക്കിയിൽ ശേഷിയുടെ 71 ശതമാനവും ശബരിഗിരിയിൽ 70 ശതമാനവുമാണ് ജലനിരപ്പ്. അടുത്ത 10 ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ ശക്‌തിയും തോതുമനുസരിച്ച് ചിലപ്പോൾ ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്തു മാറിത്താമസിക്കണം. വൈകുന്നേരങ്ങളിൽ ഇടിയും മിന്നലുമുണ്ടാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.