ആറുവർഷം നീണ്ട തിരച്ചിലിനൊടുവിൽ വിചിത്ര സ്വഭാവമുള്ള കടുവാ വേട്ടക്കാരനെ പിടികൂടി. മധ്യപ്രദേശ് വൈൽഡ് ലൈഫ് സ്പെഷൽ ടാസ്ക് ഫോഴ്സാണ് യാർലെൻ അലിയാസ് ലുസാലൻ അലിയാസ് ജസ്രത്ത് എന്നറിയപ്പെട്ടിരുന്ന വിചിത്ര സ്വഭാവമുള്ള കടുവാ വേട്ടക്കാരനെ പിടികൂടിയത്. കടുവകളെ തോലിനായി വേട്ടയാടുന്നതിനൊപ്പം കരടികളെ കൊന്നു അവയുടെ ജനനേന്ദ്രിയം ഭക്ഷിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ കാടുകളിൽ ഇത്തരത്തിൽ മുറിവേറ്റ നിരവധി കരടികളുടെ ജഡം കണ്ടെത്തിയിരുന്നു.

‌‌ആറുവർഷമായി പൊലീസിനെ കബളിപ്പിച്ച് നടക്കുന്ന പ്രതിയാണ് യാർലെൻ. 2014ൽ ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. 15–ാം വയസ്സു മുതൽ കടുവകളെ വേട്ടയാടിയിരുന്നു. ടി–13 എന്നറിയപ്പെടുന്ന പെൺകടുവയെ കൊന്നതും ഇയാൾ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്.‌

‌ഇന്ത്യൻ വന്യജീവി നിയമപ്രകാരം തേൻ കരടികളെയും കടുവകളെയും വേട്ടയാടുന്നത് ശിക്ഷാർഹമാണ്. കരടികളുടെ ലൈംഗികാവയവങ്ങൾ ലൈംഗികാസക്തി വർധിപ്പിക്കാൻ ഉത്തമമായതിനാലാണ് വേട്ടയാടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കരടികളുടെ ലൈംഗികാവയവങ്ങളും പിത്താശയവും കടത്തുന്ന ആഗോള റാക്കറ്റിന്റെ ഭാഗമാണോ യാർലെൻ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുജറാത്ത്–വഡോദര ഹൈവേക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ മൂന്ന് വ്യാജ വോട്ടർ ഐഡിയും ആധാർ കാർഡും ഉണ്ടായിരുന്നു.

‌കരടികളുടെ ആന്തരികാവയവങ്ങൾ പല രോഗങ്ങൾക്കും ഉത്തമമാണെന്ന് ഈ പ്രദേശങ്ങളിൽ വിശ്വാസമുണ്ട്. ഈ വിശ്വാസം മുതലെടുത്ത് യാർലെൻ ഇവ കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചൈനയിലേക്കും ടിബറ്റിലേക്കും കടുവാത്തോൽ വിതരണം ചെയ്യുന്ന സംഘവുമായും യാർലെന് ബന്ധമുണ്ട്. 2014ൽ പിടിയിലാകുമ്പോൾ അമ്മയോട് കടുവാത്തോൽ മറവുചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി നിലവിൽ ആറ് കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇതിൽ മൂന്നെണ്ണം കടുവകളെ വേട്ടയാടിയതുമായി ബന്ധപ്പെട്ടാണ്.