കലിഫോര്‍ണിയയില്‍ ജൂലൈ മാസത്തില്‍ മാത്രം രേഖപ്പെടുത്തിയത് അയ്യായിരത്തിലേറെ ഭൂചലനങ്ങള്‍. റിക്ടര്‍ സ്കെയില്‍ 7.1 വരെ രേഖപ്പെടുത്തിയ വലിയ ഭൂചലനവും നിരവധി ചെറുചലനങ്ങളും ഇവയില്‍ പെടുന്നു. തെക്കന്‍ കലിഫോര്‍ണിയ സ്ഥിതി ചെയ്യുന്ന മേഖലയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളാണ് ഇത്തരത്തില്‍ തുടര്‍ച്ചയായ ഭൂചലനങ്ങളിലേക്ക് വഴിവയ്ക്കുന്നത്. ജൂലൈയിലുണ്ടായ ഈ തുടര്‍ചലനങ്ങളാണ് ഇപ്പോള്‍ അഞ്ഞൂറ് വര്‍ഷത്തിലേറെയായി നിര്‍ജീവമായിരുന്ന വിള്ളലിന് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നത്.

ജൂലൈ നാലിനാണ് റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം കലിഫോര്‍ണിയയില്‍ ഉണ്ടായത്. 36 മണിക്കൂറിന് ശേഷം ഇതേ പ്രഭവസ്ഥാനത്ത് നിന്ന് റിക്ടര്‍ സ്കെയില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുടര്‍ച്ചയായി ഉണ്ടായ ഈ വലിയ ചലനങ്ങളാണ് വിള്ളല്‍ വീണ്ടും സജീവമാകാന്‍ കാരണമായത്. ഇതില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ കലിഫോര്‍ണിയയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണ്. ഇത് മൂലം വിള്ളല്‍ കൂടുതല്‍ വികസിക്കുകയും ഇപ്പോള്‍ ശൂന്യാകാശത്ത് നിന്ന് പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ വലുതാവുകയും ചെയ്തു.

റിഡ്ജ്ക്രെസ്റ്റ് തുടര്‍ ഭൂചലനങ്ങള്‍

കലിഫോര്‍ണിയയിലുണ്ടായ ഈ തുടര്‍ചലനങ്ങളെ ശാസ്ത്രലോകം ഇപ്പോള്‍ വിളിക്കുന്നത് റിഡ്ജ്ക്രെസ്റ്റ് തുടര്‍ചലനങ്ങള്‍ അഥവാ റിഡ്ജ്ക്രെസ്റ്റ് എര്‍ത്ത്ക്വേക്ക് സീക്വന്‍സ് എന്നാണ്. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ഭൂചലന പ്രതിഭാസത്തെ ഇത്ര മികച്ച രീതിയില്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നതും അതിനെ നിരീക്ഷിക്കാന്‍ സാധിക്കുന്നതും. അതുകൊണ്ട് തന്നെ റിഡ്ജ്ക്രെസ്റ്റ് സീക്വന്‍സ് ഭൂചലനങ്ങളെയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

ഈ സീക്വന്‍സുകള്‍ ഗാര്‍ലോക് ഫാള്‍ട്ട് എന്നു വിളിക്കുന്ന വിള്ളലിലാണ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ഈ വിള്ളലാണ് ഇപ്പോള്‍ ശൂന്യാകാശത്ത് നിന്നു പോലും ദൃശ്യമാകുന്ന രീതിയില്‍ മുന്നൂറ് കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ച് കിടക്കുന്നതും. തെക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ഡിയാഗോ ഫാള്‍ട്ട് മുതല്‍ ഡെത്ത് വാലി വരെയുള്ള ദൂരത്തിലാണ് ഈ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാന്‍റിയാഗോ ഫാള്‍ട്ട് എന്നത് പസിഫിക് സമുദ്രപാളിയേയും അമേരിക്കന്‍ ഭൂഖണ്ഡം സ്ഥിതി ചെയ്യുന്ന ഭൗമപാളിയേയും വേര്‍തിരിക്കുന്ന മേഖലയിലെ വിള്ളലാണ്. ഈ വിള്ളല്‍ ഇപ്പോഴും വലുതായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സാന്‍ഡിയാഗോ ഫോള്‍ട്ടില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങളാണ് കലിഫോറര്‍ണിയയെ ഭൂചലനങ്ങളഉടെ പ്രിയപ്പെട്ട പ്രദേശമാക്കി മാറ്റുന്നതും

ഭൂചലനങ്ങള്‍ ഭൗമാന്തര്‍ഭാഗവുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നതായി പ്രാഥമിക പഠനത്തിനു ശേഷം ഗവേഷകര്‍ വിശദീകരിക്കുന്നു. ഉദാഹരണത്തിന് 1906 ല്‍ കലിഫോര്‍ണിയയിലുണ്ടായ ഭൂചലമനമാണ് സാന്‍ ആന്‍ഡ്രിയാസ് വിള്ളലിനു കാരണമായി കരുതുന്നത്. അതേസമയം ഇതിനൊപ്പം ഉണ്ടായേക്കാവുന്ന മറ്റ് വിള്ളലുകളെ കുറിച്ച് ഗവേഷകര്‍ക്ക് അറിവില്ല. എന്നാല്‍ അന്നുണ്ടായ ഭൂചലനത്തേക്കാള്‍ താരതമ്യേന ആഘാതം കുറഞ്ഞ ജൂലൈ മാസത്തിലുണ്ടായ ഭൂചലനത്തില്‍ പുറമേക്ക് വ്യക്തമായി കാണാനാകുന്ന ഗാര്‍ലോക് ഫാള്‍ട്ട് കൂടാതെ മറ്റ് ഇരുപതോളം വിള്ളലുകള്‍ കൂടി ഉണ്ടായതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭൂചലനങ്ങള്‍ മുന്‍പ് കരുതിയിരുന്നതിലും ആഘാതം ഭൗമാന്തര്‍ഭാഗത്ത് ഏല്‍പ്പിക്കുന്നു എന്നതാണ് ഗവേഷകരുടെ നിഗമനം.

English Summary: California Earthquake Swarm Caused Strain On A Major Fault Line