ഡല്‍ഹിയിലെ വായു മലിനീകരണം അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നത്. സ്വന്തം ജീവനോപാധിക്ക് വേണ്ടി മറ്റുള്ളവരെ കൊല്ലാന്‍ കര്‍ഷകരെ അനുവദിക്കാനാകില്ല. മലിനീകരണം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു.

പഞ്ചാബ്, ഹരിയാന,യുപി ചീഫ് സെക്രട്ടറിമാര്‍ ബുധനാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന സംഭവം ഇനി റിപ്പോര്‍ട്ട് ചെയ്താല്‍ ചീഫ് സെക്രട്ടറി, പൊലീസ് കമ്മീഷണർ ഉള്‍പ്പെടേ ഉള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താതെ ഒറ്റ ഇരട്ടയക്ക നമ്പര്‍ വാഹന നിയന്ത്രണം നടപ്പിലാക്കുന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടിയെയും ചോദ്യം ചെയ്ത കോടതി സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുന്നത് മലിനീകരണം കൂടാനെ ഉപകരിക്കൂ എന്നും നിരീക്ഷിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വായു നിലവാരം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് അൽപം മെച്ചപ്പെട്ടിട്ടുണ്ട്.പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. 

That Emergency was better than this’: Supreme Court on toxic Delhi air