ബെംഗളൂരുവിൽ വീടിനു മുന്നിൽ നിന്നു കുരച്ചതിനു തെരുവ് നായയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ ഡോക്ടർ (75) പിടിയിൽ. ജയനഗർ സ്വദേശി ഡോ.സി.ശ്യാം സുന്ദറിനെയാണ് അറസ്റ്റ് ചെയ്തത്. ജയനഗർ അഞ്ചാം ബ്ലോക്കിൽ ഇന്നലെ രാവിലെയാണ് സംഭവം. വഴിയരികിൽ ചോരവാർന്നു ഗുരുതരാവസ്ഥയിൽ കിടന്ന നായയെ പ്രദേശവാസികളാണു മൃഗാശുപത്രിയിൽ എത്തിച്ചത്. 

തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ നായയുടെ ശരീരത്തിൽ 3 തിരകൾ കണ്ടെത്തി. വെടിയുണ്ടകൾ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സൗമ്യ റെഡ്ഡി എംഎൽഎ ആവശ്യപ്പെട്ടതോടെയാണു ജയനഗർ പൊലീസ് കേസ് എടുത്തത്. വീടിന് മുന്നിൽ നായ നിർത്താതെ കുരച്ചതോടെയാണു വെടിവച്ചതെന്നാണ് ശ്യാം സുന്ദറിന്റെ വിശദീകരണം. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.

English Summary: Bengaluru doctor shoots stray dog for too much barking