ബെംഗളൂരുവിൽ ഹുളിമാവ് തടാകം പൊട്ടിയൊഴുകിയതിനെ തുടർന്ന് അഞ്ഞൂറോളം വീടുകൾ മുങ്ങി. ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹുളിമാവ്, ബിടിഎം ലേഒൗട്ട്, ബിലേക്കഹള്ളി, അനുഗ്രഹ ലേഒൗട്ട് എന്നിവിടങ്ങളിലാണ് തടാകത്തിന്റെ ബണ്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും റോഡുകളിലേക്കും നാനോ ആശുപത്രിയിലേക്കും വെള്ളം ഇരച്ചുകയറിയത്. പ്രദേശവാസികളെ ഹുളിമാവ് ഹയർ പ്രൈമറി സ്കൂൾ, ഇൻഡോർ ബാഡ്മിന്റൻ കോർട്ട് എന്നിവിടങ്ങളിലേക്കു മാറ്റിയായിരുന്നു രക്ഷാപ്രവർത്തനം. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) തടാക ശുചീകരണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളെ ഞെട്ടിച്ച് അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറിയത്. വാഹനങ്ങളു'ടെ എൻജിനിലും വീട്ടുപകരണങ്ങളിലും മറ്റും വെള്ളം കയറിയത് ഉൾപ്പെടെ വൻ നാശനഷ്ടമുണ്ടായതായി  പ്രദേശവാസികൾ പറഞ്ഞു.

ഹുളിമാവ് തടാകത്തിലെ ബണ്ട് പൊട്ടി ജനവാസ മേഖലകളിൽ വെള്ളം കയറിയപ്പോൾ

2 മാസത്തിനിടെ മൂന്നാം തവണ

കഴിഞ്ഞ 2 മാസത്തിനിടെ തടാകങ്ങൾ പൊട്ടിയൊഴുകി ജനം വെള്ളത്തിലായ 3 സംഭവങ്ങൾക്കാണു നഗരം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 10ന് ഹൊസെക്കരഹള്ളി തടാകം കരകവിഞ്ഞ് പുഷ്പഗിരി ലേഒൗട്ടിലെ 250ൽ അധികം വീടുകൾ വെള്ളത്തിലായിരുന്നു. ഒക്ടോബറിൽ ദൊഡ്ഡബിദരക്കല്ല് തടാകം കരകവിഞ്ഞ് ദാസറഹള്ളിയിലും നാഗസന്ദ്രയിലും ലേഒൗട്ടുകളിൽ വെള്ളം കയറിയിരുന്നു. തടാകനവീകരണ ചുമതലയുള്ള ബിഡിഎയുടെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങൾക്കു പിന്നിലെന്ന് പരക്കെ ആരോപണമുണ്ട്.

സമയോചിത ഇടപെടൽ: ഒഴിവായത് വൻദുരന്തം

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്നിശമന സേന, സിവിൽ ഡിഫൻസ്, ബിബിഎംപി ബൊമ്മനഹള്ളി സോൺ, ബെസ്കോം എന്നിവയും ചേർന്നു സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് വലിയ ദുരന്തം ഒഴിവാക്കാനായി. ‌500 ലോഡ് മണ്ണ് ടിപ്പർ ലോറികളിലെത്തിച്ച് രാത്രി ഏഴിന് ബണ്ട് പുനഃസ്ഥാപിച്ചതോടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനായതെന്ന് സംസ്ഥാന ദുരന്തനിവാരണ സെൽ കോ-ഓർഡിനേറ്റർ കെ.കെ പ്രദീപ് പറഞ്ഞു. മേയർ ഗൗതം കുമാർ,  ബിബിഎംപി കമ്മിഷണർ ബി.എച്ച് അനിൽകുമാർ, സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു തുടങ്ങിയവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. റാഫ്റ്റർ ബോട്ട് ഇറക്കിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.