ശീതകാല പച്ചക്കറി ഉൽപാദനത്തിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിലും മുൻപന്തിയിലുള്ള കാന്തല്ലൂരിൽ കനത്ത മഞ്ഞ്.  പ്രദേശത്തെ കനത്ത മഞ്ഞ് വിനോദ സഞ്ചാരികൾക്ക് ഹരം പകരുകയാണ്. സാധാരണ ഈ മാസങ്ങളിൽ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും കനത്ത മൂടൽ മഞ്ഞ് ഇത് ആദ്യമാണ്. ഇതാണ് കർഷകരുടെ പ്രതീക്ഷ തെറ്റിച്ച് കൃഷിയിറക്കാൻ സാധിക്കാതെ വന്നത്. ശബരിമല സീസണോടനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കായി ഏറ്റവുമധികം മറയൂർ ശർക്കര ഉൽപാദിപ്പിക്കുന്നതും ഈ കാലയളവിലാണ്.

ഇതുമൂലം അടുത്ത സീസണിലേക്ക് വേണ്ട കൃഷിപ്പാടം ഒരുക്കാനും ശർക്കര ഉൽപാദിപ്പിക്കാനും കഴിയാത്ത അവസ്ഥയിലാണു കർഷകർ. ശർക്കര നിർമാണ വേളയിൽ കത്തിക്കാൻ ആവശ്യമായ ചണ്ടി മഞ്ഞുമൂലം ഉണക്കാൻ കഴിയാത്തതും മറ്റു ജോലികൾ ചെയ്യാൻ കഴിയാത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വെട്ടിയിട്ട കരിമ്പുകൾ ആകട്ടെ നശിക്കുന്ന അവസ്ഥയും.അതേസമയം, ദിനംപ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് മഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന കാന്തല്ലൂർ സന്ദർശിക്കാൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടൊപ്പം  എത്തുന്നത്.

പ്രത്യേക  ശ്രദ്ധയ്ക്ക്

കനത്ത മഞ്ഞ് ഉള്ളതിനാൽ മലയോര അപകട പാതയായ മറയൂർ – മൂന്നാർ റോഡിലെ യാത്രികർ ശ്രദ്ധിച്ച് വാഹനം ഓടിക്കണം. ഇവിടേക്കുള്ള മലമ്പാതയിൽ ഒരുവശം തേയിലത്തോട്ടത്തിലെ മൺ തിട്ടകളും മറുവശം വലിയ കൊക്കയുമാണ്. മഞ്ഞുമൂലം കാഴ്ച തടസ്സപ്പെടുമെന്നതിനാലും മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും മറ്റും അരികിടിയാൻ സാധ്യതയുള്ളതിനാലും ശ്രദ്ധിക്കണം. കഴിഞ്ഞ പ്രളയ സമയത്ത് മറയൂർ മൂതൽ മൂന്നാർ വരെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് ഇടിയുകയും  ചെയ്തു.