മഹാരാഷ്ട്രയിലെ സി 1 എന്ന് വിളിക്കുന്ന കടുവ നവംബര്‍ പകുതി വരെ നടന്നു തീര്‍ത്ത ദൂരം ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരുന്നു. ഇത് വരെ ഒരു കടുവയും ഒറ്റതവണ കൊണ്ടു നടന്നു തീര്‍ക്കാത്ത ദൂരമാണ് സി 1 നടന്നത്. മഹാരാഷ്ട്രയില്‍ നിന്ന് തെലങ്കാനയില്‍ കയറി അവിടെ നിന്ന് തിരിച്ച് മഹാരാഷ്ട്രയിലേക്കായിരുന്നു കടുവയുടെ സഞ്ചാരപഥം. ഇപ്പോഴും യാത്ര തുടരുന്ന ഈ കടുവ ഇതുവരെ സഞ്ചരിച്ചത് 1300 കിലോമീറ്ററാണ്. അതേസമയം കടുവയുടെ യാത്രയ്ക്ക് പിന്നിലെ ലക്ഷ്യവും ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

ഇരകളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും യോജിച്ച ഇണയെ കണ്ടെത്താനുള്ള അന്വേഷണവുമാണ് കടുവയെ 1300 കിലോമീറ്റര്‍ നടത്തിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏതാണ്ട് അഞ്ച് മാസം കൊണ്ടാണ് 1300 കിലോമീറ്റര്‍ നടത്തം കടുവ പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയിലെ ത്രിപേശ്വര്‍ വന്യജീവി സങ്കേതത്തില്‍ നിന്നാണ് രണ്ടര വയസ്സുള്ള കടുവ യാത്ര തുടങ്ങിയത്. 1300 കലോമീറ്റര്‍ നീണ്ട യാത്രയ്ക്കിടയില്‍ നഗരങ്ങളും ഗ്രാമങ്ങളും ദേശീയപാതകളുമെല്ലാം കടന്നാണ് സി1 കടുവ തന്‍റെ സഞ്ചാരം നടത്തിയതെന്നതും കൗതുകകരമായ കാര്യമാണ്.

രാജ്യത്തെ കടുവകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതേസമയം തന്നെ വനമേഖലയില്‍ ഈ വർധനവുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പുതിയതായി കൗമാരത്തിലേക്ക് കടന്ന കടുവകള്‍ക്ക് ഇണയ്ക്കും വേട്ടയാടാനുള്ള പ്രദേശത്തിനുമായി മറ്റ് കടുവകളോട് കടുത്ത മത്സരം തന്നെ നടത്തേണ്ടി വരും. ഈ പ്രതിസന്ധി തന്നെയാകണം സി1 കടുവയെ ഇത്രയധികം ദൂരം നടക്കാന്‍ പ്രേരിപ്പിച്ചതും. സി  നടക്കാന്‍ തുടങ്ങിയ അതേ സമയത് തന്നെ മറ്റൊരു കടുവയും സമാനമായ യാത്രയ്ക്കിറങ്ങിയിരുന്നു. ഈ കടുവ ഏതാണ്ട് 650 കിലോമീറ്ററാണ് സഞ്ചരിച്ചത്.

സാധാരണ കടുവകള്‍ ഒരു നിശ്ചിത അതിര്‍ത്തിയിലാണ് സഞ്ചരിക്കാറുള്ളത്. ഇര തേടിയും ഇണയെ തേടിയുമാണ് ഇവ ദേശാടനത്തിന് ഇറങ്ങുന്നതും. റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നതിനാലാണ് ഈ കടുവയുടെ സഞ്ചാരം അധികൃതര്‍ക്ക് നിരീക്ഷിക്കാനായത്. ഒരു പക്ഷേ മറ്റ് കടുവകളും സമാനമായ യാത്ര നടത്തുന്നുണ്ടാകാമെന്നാണ് ഇപ്പോള്‍ അധികൃതരുടെ കണക്കുകൂട്ടല്‍. മിക്ക കടുവകള്‍ക്കും റേഡിയോ കോളര്‍ സൗകര്യമില്ലാത്തതിനാല്‍ ഇവയെ നിരീക്ഷിക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.  2019 ഫെബ്രുവരിയിലാണ് ഈ കടുവയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. 2019 ജൂണിലാണ് ഈ കടുവ സഞ്ചാരം തുടങ്ങിയതും. 

കടുവകളുടെ അംഗസംഖ്യ

ഏഷ്യയില്‍ മാത്രമാണ് ഇന്ന് വനമേഖലയില്‍ കടുവകള്‍ കാണപ്പെടുന്നത്. ഇതില്‍ ഇന്ത്യയ്ക്ക് പുറമെ മറ്റെല്ലായിടത്തും കടുവകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ഇന്ത്യയിലാകട്ടെ 2014 നും 2018 നും ഇടയ്ക്ക് കടുവകളുടെ എണ്ണത്തിലുണ്ടായത് ഏതാണ്ട് 20 ശതമാനം വർധനവാണ്. ഈ കണക്കുകള്‍ കൃത്രിമമാണെന്ന ആരോപണങ്ങളുണ്ടെങ്കിലും കടുകളെ പതിവിലും കൂടുതല്‍ കാണുന്നുണ്ടെന്ന് പറയുന്ന സഞ്ചാരികളും കടുവകള്‍ തുടര്‍ച്ചയായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന വാര്‍ത്തകളും ഈ ആരോപണങ്ങളെ ദുര്‍ബലമാക്കുന്നു.

എന്നാൽ കടുവകളുടെ എണ്ണം വർധിക്കുമ്പോള്‍ പ്രതിസന്ധി നേരിടുന്നത് അവയുടെ ആവസവ്യവസ്ഥയിലാണ്. ഒരു കടുവയുടെ ആവസവ്യവസ്ഥയുടെ അതിര്‍ത്തി എന്നത് കിലോമീറ്ററുകള്‍ ചുറ്റളവ് വരുന്ന വനമേഖലയാണ്. കടുവകളുടെ എണ്ണം വർധിച്ചെങ്കിലും വനമേഖല ഇപ്പോഴും ചുരുങ്ങുകയാണ്. അതുകൊണ്ട് തന്നെ കടുവകള്‍ക്ക് സുരക്ഷിതത്വവും സ്വസ്ഥമായ ആവാസമേഖലയും നല്‍കുകയെന്നതാകും ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളി. 

English Summary: Tiger Makes Epic 1,300-Kilometer Journey Across India