‘‘ഇതാ തെക്കു നിന്നൊരു ഗ്രേറ്റ... ഈ മിടുക്കിയുടെ പ്രസംഗം കേട്ടിട്ട് പ്രായം പ്രവചിക്കാനാകുന്നില്ല’’– സ്പെയിനിലെ പത്രങ്ങളിൽ നിറഞ്ഞ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ലിസിപ്രിയ കാംഗുജം. കാലാവസ്ഥാ മാറ്റത്തിൽ നിന്നു ലോകത്തെ രക്ഷിക്കാൻ വീറോടെ പൊരുതുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് ഒരു ഇന്ത്യൻ കൂട്ടുകാരി.

മഡ്രിഡിൽ നടക്കുന്ന യുഎൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികയാണ് മണിപ്പുരിൽ നിന്നുള്ള ഈ 8 വയസ്സുകാരി. പിതാവ് കെ.കെ.സിങ്ങിനൊപ്പമാണ് ലിസിപ്രിയ യു.എൻ സമ്മേളനത്തിനെത്തിയിരിക്കുന്നത്.

യുഎന്നിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാൻ കത്തു കിട്ടിയപ്പോൾ ലിസിപ്രിയയുടെ കുടുംബം പരിഭ്രമിച്ചു പോയി എന്നതാണ് സത്യം. വിമാന ടിക്കറ്റിനു മറ്റും സഹായം തേടി മന്ത്രിമാരുൾപ്പെടെ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ ഭുവനേശ്വറിൽ നിന്നൊരു വ്യക്തി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു നൽകി. അമ്മയുടെ സ്വർണം വിറ്റ് ഹോട്ടലും ബുക്ക് ചെയ്തു. എന്നാൽ പുറപ്പെടുന്നതിനു തൊട്ടു മുൻപ് യാത്രയുടെ മുഴുവൻ ചെലവും സ്പാനിഷ് സർക്കാർ ഏറ്റെടുത്തതായി അറിയിപ്പു ലഭിച്ചു. 

English Summary:  Indian 8-year-old challenges world leaders to act on climate change at COP25 in Madrid