ദേശാടനപ്പക്ഷി വേട്ടയ്ക്ക് ഖത്തർ അമീറിനും സംഘത്തിനും അനുമതി നൽകി പാക്കിസ്ഥാൻ. പാക്ക്– ഖത്തർ നയതന്ത്രത്തിന്റെ ഇരകളായി വീണ്ടും ഹുബാരപ്പക്ഷികൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള രാജകുടുംബാംഗങ്ങളുടെ ഇഷ്ടവിനോദങ്ങളിലൊന്നായ ഹുബാര ബസ്റ്റഡ് (മരുക്കൊക്ക്) വേട്ടയ്ക്കു വേദിയൊരുക്കുന്ന പാക്കിസ്ഥാൻ ഇക്കൊല്ലം ആതിഥ്യമരുളുന്നതു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉൾപ്പെടെ 10 രാജകുടുംബാംഗങ്ങൾക്ക്.

പരുന്തുകളെ ഉപയോഗിച്ചാണു വേട്ട. വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷികളെ കൊന്നൊടുക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെ പാക്കിസ്ഥാന്റെ പ്രത്യേകാനുമതി എല്ലാത്തവണയും വിവാദം സൃഷ്ടിക്കാറുണ്ട്. 2014 ൽ സൗദിയിൽ നിന്നുള്ള ഒരു രാജകുമാരൻ 21 ദിവസത്തിനിടെ 2000 പക്ഷികളെ കൊന്നതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. മധ്യേഷ്യയിൽ നിന്നു മ‍ഞ്ഞുകാല ദേശാടനത്തിനെത്തുന്ന അപൂർവ പക്ഷികളാണു ഹുബാര ബസ്റ്റഡ്. ടർക്കിക്കോഴിയുടെ വലുപ്പമുള്ള ഹുബാരയുടെ മാംസം സ്വാദിഷ്ടമാണ്.

 English Summary: Pakistan issues special permits to Qatari Emir