കാട്ടുതീ പടർന്നതോടെ ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ വീണ്ടും അടിയന്തരാവസ്ഥ. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി.  2 മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടുതീ ഭീഷണിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

സിഡ്നി നഗരപ്രാന്തത്തിലെ കനാൻഗ്ര ബോയ്ഡ് നാഷനൽ പാർക്ക് കത്തിയെരിയുകയാണ്. നൂറിലേറെ സ്ഥലങ്ങളിൽ കത്തിപ്പടരുന്ന തീ അണയ്ക്കാൻ അധികൃതർ പെടാപ്പാട് പെടുന്നു. താപനില 42 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുന്നത് തീയണയ്ക്കൽ ശ്രമം ദുഷ്കരമാക്കുന്നു.  ഏറ്റവും തിരക്കേറിയ ക്രിസ്മസ് സീസണിലെ കാട്ടുതീ വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കനത്ത പുകയുടെ ആവരണം തീയണയ്ക്കൽ ശ്രമത്തെയും ബാധിക്കുന്നു. 

ആഴ്ചകളായി തുടരുന്ന കാട്ടുതീയിൽ ഓസ്ട്രേലിയയിൽ ഈ വർഷം 6 പേർ മരിച്ചു. 680 വീടുകൾ കത്തിനശിച്ചു. 30 ലക്ഷത്തിലേറെ ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു.  ഹവായിൽ കുടുംബസമേതം അവധി ആഘോഷിക്കാൻ പോയ പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ ഒട്ടേറെ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. 

English Summary: Australia declares fresh state of emergency as 100 fires rage