ലോകത്തെ ഏറ്റവും പ്രായമേറിയ കാണ്ടാമൃഗം എന്നറിയപ്പെടുന്ന 57 വയസ്സുള്ള ഫോസ്റ്റ ടാന്‍സാന്‍നിയയില്‍ ജീവൻ വെടിഞ്ഞു. ഈസ്റ്റേണ്‍ ബ്ലാക്ക് വിഭാഗത്തില്‍ പെടുന്ന ഈ കാണ്ടാമൃഗത്തെ മൂന്നു വയസ്സുള്ളപ്പോളാണ് വനപാലകരുടെ ശ്രദ്ധയിൽ പെടുന്നത്. തുടര്‍ന്ന് 54 വയസ്സു വരെ വനത്തില്‍ തന്നെ സ്വതന്ത്രയായാണ് ഫോസ്റ്റ വളര്‍ന്നത്. എന്നാല്‍ പിന്നീട് പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ഈ കാണ്ടാമൃഗത്തിന്‍റെ സംരക്ഷണം വനപാലകര്‍ ഏറ്റെടുക്കുകയായിരുന്നു. 

1965 ലാണ് ഫോസ്റ്റയെ കണ്ടെത്തുന്നത്. ഇത്രയും വര്‍ഷം ജീവിച്ചിരുന്നുവെങ്കിലും ഫോസ്റ്റ ഇതുവരെ ഗര്‍ഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും കാലം ജീവിച്ചിരുന്ന മറ്റൊരു കാണ്ടാമൃഗവും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും പ്രായമേറയ കാണ്ടാമൃഗമായി ഫോസ്റ്റയെ അംഗീകരിക്കുന്നത്. 2016 ല്‍ ഒരു പറ്റം ഹൈനകളുടെ ആക്രമണത്തില്‍ ഫോസ്റ്റയ്ക്ക് പരിക്കേറ്റതോടെ ആണ് വനപാലകര്‍ ഈ മൃഗത്തിന്‍റെ സംരക്ഷണമേറ്റെടുത്തത്.

ഫോസ്റ്റ ശാരീരികമായി അവശയായതോടെയാണ് ഹൈനകള്‍ ഉള്‍പ്പടെയുള്ള മറ്റു ജീവികള്‍ ആക്രമിക്കാന്‍ തുടങ്ങിയതെന്ന് ഫോസ്റ്റയുടെ ചികിത്സയുടെ ചുമതലയുള്ള ഡോക്ടര്‍ ഫ്രെഡി മനോഗി വ്യക്തമാക്കി. ടാന്‍സാനിയയിലെ തന്നെ ങോങ്റോ സംരക്ഷണ കേന്ദ്രത്തിലാണ് ഫോസ്റ്റയെ ചികിത്സിച്ചിരുന്നത്. 2016 ലെ ആക്രണത്തില്‍ ഫോസ്റ്റയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. അന്ന് നാല് മാസത്തെ ചികിത്സയ്ക്കോടുവിലാണ് ഫോസ്റ്റ ആരോഗ്യം വീണ്ടെടുത്തത്.

ഡിസംബര്‍ 27 ന് വൈകിട്ടാണ് ഫോസ്റ്റ ശാരീരിക അവശതകളെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞത്. നിലവിലുള്ള രേഖകള്‍ അനുസരിച്ച് ഫോസ്റ്റ തന്നെയാണ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം ജീവിച്ചിരുന്ന കാണ്ടാമൃഗം. സാധാരണ ഗതിയില്‍ 37 മുതല്‍ 43 വയസ്സു വരെയാണ് കാണ്ടാമൃഗങ്ങളുടെ ആയുസ്സ്. മനുഷ്യരുടെ സംരക്ഷണയില്‍ പരമാവധി 50 വയസ്സ് വരെയാണ് അപൂര്‍വമായി കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരിക്കുക.

ഈസ്റ്റേണ്‍ ബ്ലാക്ക് കാണ്ടാമൃഗം

ആഫ്രിക്കയില്‍ വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗ വര്‍ഗങ്ങളില്‍ ഒന്നാണ് ഈസ്റ്റേണ്‍ ബ്ലാക്ക് കാണ്ടാമൃഗങ്ങള്‍. കൊമ്പിനു വേണ്ടി വ്യാപകമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വംശവും നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും രാജ്യാന്തര സംഘടനകളുടെയും സഹായത്താല്‍ ഇപ്പോള്‍ ഇവയുടെ എണ്ണം മെച്ചപ്പെട്ടു വരികയാണ്. 

English Summary: 'World's oldest rhino' Fausta dies in Tanzania aged 57